Wednesday, January 06, 2016

വലയിൽ കുരുങ്ങേണ്ടതല്ല ഇന്റർനെറ്റ് സമത്വം


ഇന്റർനെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി തകർക്കുന്നതാണ് മതിൽ കെട്ടിയടച്ച പൂന്തോട്ടങ്ങളെന്ന് വിളിക്കപ്പെടുന്ന സീറോ റേറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ. ഫേസ്ബുക്ക് കുറച്ച് മാസങ്ങൾക്ക് മുന്നെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിലും പിന്നീട് ഇപ്പോൾ ഫ്രീ ബേസിക്സ് എന്ന പുതിയ ആവരണത്തിലും എത്തിയ 'സൗജന്യ ഇന്റർനെറ്റ്' ശരിക്കുള്ള അർത്ഥത്തിൽ പൂർണ സ്വതന്ത്രമല്ല. ടെലകോം ഉപയോക്താക്കൾക്ക് പണം നൽകാതെ തന്നെ ഏതാനും ഇന്റർനെറ്റ് ഇടങ്ങളിലേക്ക് വിവരവിനിമയ സൗകര്യം നൽകുന്ന സംവിധാനത്തെ പൊതുവേ സീറോ റേറ്റിംഗ് പ്ലാറ്റ്ഫോം എന്നാണ് വിളിക്കപ്പെടുന്നത്. അതായത് എല്ലാ വരിക്കാർക്കും അതാത് ടെലകോം കമ്പനിക്കാരുമായി ധാരണയിലായ വെബ്സൈറ്റിലേക്ക് പണമൊന്നും നൽകാതെ വിവരപര്യടനം നടത്താം, ഇപ്പോൾ ഫേസ്ബുക്ക് പുതിയ കൂടിട്ട് അവതരിപ്പിച്ച ഫ്രീ ബേസിക്സ്, നേരത്തെ വന്ന എയർടെൽ സീറോ, എയർസെല്ലും വിക്കിപീഡിയയും ആയി ഉണ്ടാക്കിയ ഏർപ്പാട് ഒക്കെ സീറോ റേറ്റിംഗ് എന്ന പൊതു സംജ്ഞ യിൽ പെടുത്താം. ഇപ്പോൾ നടക്കുന്ന ചർച്ചയെ 'ഫ്രീ ബേസിക്സ് Vs ഉപയോക്താക്കൾ/ട്രായ് എന്ന് വിളിക്കുന്നതിലും ശരികേടുണ്ട് എന്ന് ചുരുക്കം. എന്തിനു ഇതിനു വേണ്ടിയുള്ള സംവാദം തന്നെ ഫ്രീ ബേസിക്‌സിന്റെ പരസ്യം ആകണം ! നാളെ ഫ്രീ ബേസിക്സ് പോലെയുള്ള പല ഏർപ്പാടുകളും മുള പൊന്തി വരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കെ പൊതുവായ പേരിലേക്കും സൂചകങ്ങളിലേക്കും ചർച്ചയുടെ തലക്കെട്ട് മാറേണ്ടത് അനിവാര്യമാണ്. ഒരു ദശകത്തിനു മുന്നെ വിൻഡോസ് Vs ഗ്നു/ലിനക്സ് എന്ന ചർച്ച ചൂടുപിടിച്ചപ്പോഴും ഈ പേരിന്റെ ഊരാക്കുടുക്ക് സമാനമായ സാഹചര്യം ഉണ്ടാക്കിയിരുന്നു പിന്നീട് അത് പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയർ Vs സ്വതന്ത്ര സോഫ്ട്‌വെയർ എന്ന് പൊതുരീതിയിൽ ഉപയോഗിച്ച് വന്നത് ഇത്തരുണത്തിൽ ഓർക്കാം. 


ഇനി നമുക്ക് നെറ്റ് ന്യൂട്രാലിറ്റി എന്ത് എന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. ഇനിയും വൈദ്യുതീകരിക്കാത്ത 15,000 ലേറെ ഗ്രാമങ്ങൾ ഇന്ത്യയിൽ ഉണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറയുന്നത് കേട്ട് രാജ്യത്തെ മുൻനിര വൈദ്യുത ഉത്പാദന കമ്പനികളിലൊന്നോ അല്ലെങ്കിൽ കൂട്ടമായോ വന്ന് ഞങ്ങൾ ഗ്രാമീണ വൈദ്യുതീക്രണം ഏറ്റു. സർവർക്കും വൈദ്യുതി ലഭ്യമാക്കി ഭവനങ്ങളെ ശാക്തീകരിക്കുന്ന 'ഫ്രീ പവർ' പദ്ധതിക്ക് തയാർ എന്ന് പറയുന്നു. എല്ലാ സൗജന്യങ്ങൾക്കും ചില നിബന്ധനകൾ ഉണ്ടായിരിക്കുമല്ലോ. ഇവിടെ അത് ഈ ധാരണയിലെത്താൻ മുന്നോട്ട് വന്ന കമ്പനികൾ നിർദ്ദേശിക്കുന്ന വൈദ്യുത വിളക്ക്, ഫാൻ തന്നെ ഗ്രാമീണൻ ഉപയ്യോഗിക്കണം. അവരുടെ വീട്ടിൽ സൗജന്യമായി ലഭിക്കുന്ന വൈദ്യുതി ഏതേത് കാര്യങ്ങൾക്ക് ഏതേത് കമ്പനിയുടെ ഉപകരണങ്ങൾ വഴി ഉപയോഗിക്കണം എന്ന് വന്നാലോ? അതെങ്ങനെ ശരിയാകും. നിശ്ചിത യൂണിറ്റ് വൈദ്യുതി പരിപൂർണ സ്വാതന്ത്ര്യത്തോടെ അല്ല ഇവിടെ നൽകുന്നത് എന്ന് ചുരുക്കം. 


ഇവിടെ തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാഭാവികമായ നീതി അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇപ്പോൾ ചർച്ചയാകുന്ന മേൽ സൂചിപ്പിച്ച സീറോ റേറ്റിംഗ് ഇന്റർനെറ്റ് പ്ലാനുകളും സൗജന്യവൈദ്യുതിക്കാരുടെ മോഹനവാഗ്ദാനം പോലെ കൂട്ടിലിട്ട തത്തയെ പോലെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അവരുമായി ധാരണയിൽ ഏർപ്പെട്ട വെബ് സേവനങ്ങൾ മാത്രം ലഭിക്കും എന്നത് ഉപയോക്താവിനു നല്ലതല്ലേ എന്ന് ആദ്യ നോട്ടത്തിൽ തോന്നുമെങ്കിലും ഇത് നെറ്റ് സമത്വത്തെ തകർക്കും. കാരണം കേവലം മുപ്പതോ അല്ലെങ്കിൽ നൂറോ വെബ്സൈറ്റിൽ ഒതുങ്ങുന്നതല്ല ഈ വിശ്വ വ്യാപന വല. സർക്കാർ ഇ ഗവണൻസ് പദ്ധതികൾ മുതൽ വീട്ട് സാധനങ്ങൾ വാങ്ങുന്ന ഇ കോമേഴ്സ് സൈറ്റുകൾ വരെ പരശതം ഈ ഇ-ഉലകത്തിൽ ഉള്ളതിൽ സീറോ റേറ്റിംഗ് വരിക്കാർ വന്ന് നിൽക്കുന്നത് കെട്ടിയടക്കപ്പെട്ട പൂന്തോട്ടത്തിൽ (walled garden) ആണ്. 

സോപ്പ് തേച്ച് കുളിക്കണം എന്ന് സോപ്പ് കമ്പനികൾക്ക് സർക്കാരുമായി ചേർന്ന് പറയാം, എന്നാൽ '--' ബ്രാൻഡ് സോപ്പ് തന്നെ തേച്ച് കുളിച്ച് വ്യക്തി ശുചിത്വം പാലിക്കണമെന്ന് സർക്കാർ കൂടി ചേർന്ന് പറയുന്നിടത്ത് ശരികേടുണ്ട്, നീതിയുടെ നിഷേധവുമുണ്ട്. ഇപ്പോൾ ചർച്ചയായ സീറോ റേറ്റിംഗ് പാറ്റ്ഫോമിൽ എല്ലാ ഓൺലൈൻ സാധനസാമഗ്രി -ഇ കൊമേഴ്സ് - വില്പന ശാലകളും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. അങ്ങനെയുള്ളപ്പോൾ ഈ പുതിയ ഇന്റർനെറ്റ് വരിക്കാർക്ക് കടയെന്നാൽ ടെലകോം കമ്പനി പറയുന്ന കട മാത്രം, അവിടെ എന്ത് വിലയാണങ്കിലും അത് വാങ്ങാം വാങ്ങാതിരിക്കാം എന്നത് സ്വാതന്ത്ര്യമല്ല നേരെ മറിച്ച് രാജ്യത്തെ നിയമസംവിധാനത്തിനു കൂടി വെല്ലുവിളി ഉയർത്തുന്നില്ലേ എന്ന് സന്ദേഹിക്കുന്നതിൽ തെറ്റു പറയാനൊക്കുമോ. ഇതേ പ്ലാറ്റ്ഫോമിൽ മാധ്യമങ്ങളിൽ ചിലത് ഉണ്ടാകും, അതായത് ടെലകോം കമ്പനിയുമായി നിർദ്ദിഷ്ട സീറോ റേറ്റിംഗിൽ പങ്കാളിയായ ദിനപത്രം, അപ്പോൾ നിങ്ങൾ ഈ വായിക്കുന്ന മെട്രോ വാർത്ത കിട്ടണമെന്നില്ല. മാർക്കറ്റിൽ പോയി ന്യൂസ് സ്റ്റാൻഡിൽ നിന്ന് ഏത് പത്രവും വാങ്ങാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് ഉള്ളത് അത് പോലെ തന്നെ ഇന്റർനെറ്റിലും ലഭിക്കണമെന്നത് മൗലികവകാശം പോലെ പവിത്രമായി ഇന്ന് ലോകമെമ്പാടും കാണുന്നു. അത് കൊണ്ടാണ് നെറ്റ് ന്യൂട്രാലിറ്റി / നെറ്റ് സമത്വം ചെറുതായെങ്കിലും തൊടാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമെന്ന് പറയുന്നത്. 


സ്റ്റാർട്ടപ്പ് യൂണിറ്റുകൾ, മറ്റ് പുതിയ വ്യവസായ സംരംഭങ്ങൾക്ക് ഒക്കെ വിലങ്ങ്തടിയാണ് ഈ സീറോ റേറ്റിംഗ്പ്ലാനുകൾ എന്നത് മറ്റൊരു ഗൗരവമായ വിഷയം. എന്തിനധികം പറയുന്നു ഒരു പതിറ്റാണ്ടിനു മുന്നെ സാക്ഷാൽ ഫേസ്ബുക്കും ട്വിറ്ററും ഒക്കെ പിച്ച വച്ച് തുടങ്ങുന്ന സമയത്ത് ഇത്തരം സീറോ റേറ്റിംഗ് പ്ലാനുകൾ സർവത്ര ഉണ്ടായിരുന്നെങ്കിൽ ഫേസ്ബുക്കിന്റെ സ്വാഭാവികമായ ജൈത്രയാത്ര തന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതുതായി വരുന്ന ചെറു നൂതന സംരംഭങ്ങൾക്കൊന്നും ഈ പ്രബലരുമായി കൈകോർക്കാനുള്ള സാമ്പത്തിക കരുത്ത് ഉണ്ടാകില്ല. എല്ലാർക്കും വളരാൻ തക്ക വെള്ളവും വളവും ശുദ്ധവായുവും യഥേഷ്ടം ലഭിക്കുന്ന പൂന്തോട്ടമായി ഇന്റർനെറ്റിനെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സീറോ റേറ്റിംഗ് പ്ലാറ്റ് ഫോമുകളെ നിരുൽസാഹപ്പെടുത്തണ്ടതിന്റെ മർമ്മം ഇരിക്കുന്നത്. ഗ്രാമീണമേഖലയിൽ ഇന്റനെർറ്റ് എത്തിക്കാൻ ഫേസ്ബുക്ക്, ഗൂഗിൾ പോലെയുള്ള ഇന്റർനെറ്റ് പ്രബലർക്ക് താത്പര്യം ഉള്ളത് സന്തോഷം തന്നെ, എല്ലാ കാര്യവും നടത്താൻ സർക്കാരുകൾക്ക് സാമ്പത്തിക ഭദ്രത ഉണ്ടാകണമെന്നില്ല. എന്നാൽ ഇത് പൊതുവായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനോ അല്ലെങ്കിൽ നിലവിലുള്ളത് ശക്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളിൽ പങ്കാളി ആയി വേണം കൈ കോർക്കേണ്ടത്, അങ്ങനെയുള്ള ശ്രമങ്ങൾക്ക് പൊതുസമൂഹത്തിന്റെ നിർലോഭമായ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സുതാര്യമായ ഇടപാടുകൾ സൈബർ ഇടനാഴികളിൽ സംഭവിക്കട്ടെ. 

(Published in Metro Vartha News Paper on 6th Jan 2016)

Thursday, September 24, 2015

സംരംഭകർക്കും വ്യാപാരികൾക്കും ഇനി മുദ്രാ വായ്പയുടെ കൈത്താങ്ങ് ഒപ്പമുണ്ടാകും

വരൂ നമുക്ക് ഈ വ്യവസായ വായ്പ എടുക്കാം അല്ലെങ്കിൽ തൊട്ടയല്പക്കത്തെ സംരംഭകരോട് ഇതിന്റെ വർത്തമാനം പറയാം


നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭകർക്കും അതായത് കുടിൽ വ്യവസായം നടത്തുന്നവർക്ക്, വ്യാപാരികൾക്കും മുതൽ തീരെ ചെറുകിട യൂണിറ്റുകൾക്ക് - അത് ചായക്കച്ചവടക്കാരനാകാം ചെരുപ്പ് നന്നാക്കുന്നവർ ആകാം- വരെ ബാങ്ക് ഉചിതമായ ബാങ്ക് വായ്പ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മുദ്രാ ബാങ്ക് ബാങ്ക് വായ്പ. Micro Units Development and Refinance Agency (MUDRA) എന്നാണ് പൂർണ രൂപം. ഇപ്പോഴുള്ള എല്ലാ ബാങ്ക് ശാഖകൾ വഴിയും ഈ നവസംവിധാന വായ്പ കിട്ടുന്നതിന് ഒരു തടസവുമില്ല.
സൂക്ഷ്മ സംരംഭകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പക്ക് പല അകലങ്ങളും ഉണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ഉണ്ട്. ചിലപ്പോൾ 'വലിയ' വായ്പയിൽ ആകും അനുവദിക്കുന്നവർക്ക് താത്പര്യം, മറ്റ് ചില അവസരങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്ന കടലാസുകൾ തയാറാക്കി നൽകാൻ ഈ കുഞ്ഞ് യൂണിറ്റുകൾ നടത്തുന്നവർക്ക് സാധിക്കാതെ പോകുന്നത് അവർ സാമ്പത്തിക സാക്ഷരത ഇല്ലാത്തവരായതിനാലും. ഈ നിരക്ഷരത മുതലെടുത്ത് ആണ് കുബേര മാരും സമാന്തര 'മൊത്തമൂറ്റ്' കാരും ഇവർക്ക് വലിയ പലിശ നിരക്കിൽ വായ്പ കൊടുത്ത് ആത്യന്തികമായി അവരെ തകർക്കുന്നത്.
എങ്ങനെയെന്നല്ലേ? ആഴ്ചയ്‌ക്കോ അല്ലെങ്കിൽ ദിനം പ്രതിയോ തന്നെ 90 രൂപ തന്നിട്ട് 100 രൂപ തിരികെ വാങ്ങുന്ന ടീംസ് ഇവിടെ കാര്യമായി ഉണ്ട് എന്ന് കുബേര റെയ്ഡ് സമയത്ത് നമ്മൾ കണ്ട കാര്യം. ഇവിടെയാണ് തീരെ ലളിതമായ നടപടിക്രമത്തിലൂടെ. അതെ ഒറ്റ പേജുള്ള അപേക്ഷാഫോറം (ആദ്യകമന്റിൽ പിഡിഎഫ് രൂപത്തിൽ ഉള്ളത് പ്രിന്റെടുത്ത് ഉപയോഗിക്കാം) തയാറാക്കി സംരംഭക വായ്പ സുഗമമാക്കിയിരിക്കുന്നു.
ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും
എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്
എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.
എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക. അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ. ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്. ഇത് ഉദാ: 7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും. ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം. അതുമല്ലങ്കിൽ ഒരു കൈ സഹായം ചെയ്യാൻ സുമനസുകൾ ഫേസ്ബുക്കിലും ഉണ്ടാകുമല്ലോ. പറഞ്ഞ് വരുന്നത് സാമ്പത്തിക സാക്ഷരതയെ പറ്റിയാണ്.
ഇനി എപ്പോഴും ബാങ്കിൽ പോകാനെവിടെ സമയം എന്നാണ് ആശങ്ക എങ്കിൽ അതിനുമുണ്ട് ഒരു ചെറിയ സാങ്കേതിക സഹായം. ഈ ചെറിയ യൂണിറ്റ് നടത്തുന്നവർക്ക് അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ സംഭരണം നടത്താം
ഓ ഇതൊക്കെ പറയാൻ എളുപ്പം. ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ. നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക. അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം. മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
ഇതിന്റെ ഒന്നും ആവശ്യം വരില്ല. നമ്മൾക്ക് ചെയ്യാവുന്നത് ഇത്രയെങ്കിലും ആകില്ലേ? വിടിന്റെ സമീപത്തുള്ള സംരംഭകരോട് അത് എന്ത് വലിപ്പമുള്ളതുമാകട്ടെ, എന്ത് അവസ്ഥയിലുള്ളതും ആകട്ടെ അവർക്ക് ഉചിതമായ വായ്പ ഇന്ന് എളുപ്പമാണ് എന്ന് പറഞ്ഞ് കൊടുക്കുക. കുബേര യുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുന്നത് പതിയെ അവർക്ക് സാമ്പത്തിക സാക്ഷരതയും ചെറിയ വായ്പയും ഒക്കെ സംഘടിപ്പിച്ച് നൽകിയാണ്, അതിൽ നമുക്ക് ചെയ്യാനാകുന്നത് ചെയ്യുക.
വിരാമതിലകം: എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക. വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല, ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ഇത് ആരുടെയും - ബാങ്കിന്റെയും സർക്കാരിന്റെയും ഒക്കെ തന്നെ- ഔദാര്യമല്ല, രാജ്യത്തെ എല്ലാ അസംഘടിതരുടെയും കോർപ്പറേറ്റ് ഇതര യൂണിറ്റുകളുടെയും അവകാശമാണ്. അതും അറിയുക
ഒടുവിലാൻ: തീർന്നില്ല, ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പ് വ്യവസായ വായ്പ പിന്നാലെ വരുന്നുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിലേറെ ബാങ്ക് ശാഖകൾ ഉണ്ട് എന്നും അറിയാമല്ലോ.

Tuesday, July 07, 2015

ഈ ഡിജിറ്റൽ ഇടനാഴികളിൽ നിരോധനം പണ്ടേ പോലെ ഫലിക്കുമോ?

'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററി വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി, എന്നാൽ അച്ചടി, ടെലിവിഷൻ എന്നതിനപ്പുറം ഈ നിരോധവാളിന് എത്രമാത്രം മൂർച്ചയുണ്ട് എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. ഔദ്യോഗികമായി ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കാനോ(ഫിൽറ്റർ), നിരോധിക്കാനോ സർക്കാരിന് അധികാരമുണ്ടെങ്കിലും അത് പ്രായോഗികമായി സാധ്യമല്ല എന്നതിന്റെ സമീപകാല ഉദാഹരണമായി ഈ സംഭവം. നിയമം നടപ്പാക്കുന്ന ഏജൻസികൾക്ക് ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക് പോലെയുള്ള ഇന്റർമീഡിയറികളോട് പ്രസ്തുത വീഡിയോ ഒഴിവാക്കാൻ അഥവാ ടേക്ക് ഡൗൺ ചെയ്യാൻ ആവശ്യപ്പെടാം. മിക്ക അവസരങ്ങളിലും അവർ അത് അംഗീകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ ആ വഴിക്ക് ആകില്ല പോകുന്നത്. മറ്റ് പരശതം മാർഗങ്ങളിലൂടെ ഈ ഇൻഫർമേഷൻ സൂപ്പർ ഹൈവേയിൽ 'നിരോധിച്ചവ' ഓടി നടക്കും.

നീക്കം ചെയ്യൽ കോടാലി വീഴാൻ സാധ്യതയുണ്ടന്ന് തോന്നിയാലുടൻ തന്നെ നല്ലൊരു പക്ഷം ആൾക്കാർ അവരുടെ ഉപകരണങ്ങളിലേക്ക് ഈ ഉള്ളടക്കം പകർത്തി വയ്‌ക്കുന്നത് ഇന്ന് ശീലമായിക്കഴിഞ്ഞു. അത് ഒരു മറുപടി കൂടിയാണ്. നിരോധനം വന്നാൽ ഉടൻ തന്നെ സേവന ദാതാക്കൾ സെർവറിൽ നിന്ന് ഉള്ളടക്കം ഒഴിവാക്കും, കാരണം അവർക്ക് അതിന് നിയമപരമായ ബാധ്യത ഉണ്ട്. എന്തിലും വലുത് കമ്പനിയുടെ നിലനിൽപ്പാണല്ലോ! എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇതിന്റെ നിയമവശം ഒന്നും അറിയണമെന്ന് പോലുമില്ല, ടോറന്റ് വഴിയാലും അല്ലെങ്കിൽ വാട്ട്സ്ആപ്പ് മുഖേന ആയാലും വീഡിയോ എത്തേണ്ടിടത്ത് ഒക്കെ എത്തിക്കും. തടഞ്ഞ് നിർത്താൻ നോക്കുന്നത് സർവശക്തിയുമെടുത്ത് പറ്റിയ വഴികളിലൂടെ എല്ലാം എത്തേണ്ടിടത്ത് എത്തും. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് ഭൗതികമായ ഒരു സാന്നിദ്ധ്യം ഉണ്ട്. അനുസരിക്കാത്തവരുടെ ലൈസൻസ് സർക്കാരിന് റദ്ദ് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യാം. ഇവിടെ 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററിയുടെ കാര്യത്തിൽ പ്രതിഷേധിച്ച് തങ്ങളുടെ ദൃശ്യസമയം താഴ്‌ത്തി വച്ച് ശൂന്യസ്ക്രീൻ കാണിച്ച് പ്രതിഷേധം അറിയിക്കാനേ എൻഡിടിവി ക്ക് ആയുള്ളൂ. ഇന്റർനെറ്റിലെ വീഡിയോ ഇതേ ഉത്തരവ് അനുസരിച്ച് യൂട്യൂബ് നീക്കം ചെയ്‌തപ്പോഴും, അച്ചടി-ദൃശ്യ മാധ്യമത്തിലേത് പോലെ അത് നടപ്പായില്ല എന്ന് മാത്രം. കാരണം ലളിതം അങ്ങനെയെളുപ്പം നിയന്ത്രിക്കാവുന്നതല്ല ഇന്റർനെറ്റിലെ ഉള്ളടക്കം

സർക്കാരിന് ഓൺലൈൻ ഉള്ളടക്കത്തിനു മേൽ ചെയ്യാവുന്നത് കേവലം രണ്ട് കാര്യങ്ങൾ മാത്രമാണ്. ഒന്ന് ഡിജിറ്റൽ ഉള്ളടക്ക സേവന ഇടങ്ങളായ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയോടൊക്കെ പ്രസ്‌തുത ഭാഗം ഒഴിവാക്കാൻ നിർദ്ദേശിക്കാം. രണ്ടാമതായി ഇന്റർനെറ്റ് സേവനദാതാക്കളോട് (ISP) വെബ്സൈറ്റ് പേജ് വിലാസം ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടാം. സർക്കാരും കോടതികളും പല അവസരത്തിലും ഇത് ചെയ്യാറുണ്ട്. അത്രമേൽ വിവാദമായാൽ നിരോധനം കാറ്റിൽ പറക്കുന്ന അവസ്ഥയാകും ശരിക്കും സംഭവിക്കുക. കാരണം മറ്റൊന്നുമല്ല, സാധാരണ മാധ്യമ ഉള്ളടക്കത്തിന് അത് പുസ്തകമാകട്ടെ, ദിനപത്രമോ ടെലിവിഷൻ പരിപാടകളോ ആകട്ടെ പലതരത്തിൽ അതിനെ അടച്ച് പൂട്ടി വയ്‌പ്പിക്കാം. പണ്ടൊക്കെ പ്രസ് കണ്ടുകെട്ടി മുദ്രവച്ചു എന്ന് കേട്ടിട്ടില്ലേ, എന്നാൽ ഓൺലൈൻ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ മുദ്രവയ്‌പിന് യാതോരു വിലയുമില്ല.

ഇവിടെ പ്രസക്തമായ മറ്റൊരു വിഷയവുമുണ്ട്. അച്ചടി പുസ്തകങ്ങൾ, ലഘുലേഖകൾ ഒക്കെ കാലാകാലങ്ങളായി ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടം അനുസരിച്ച് ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ നിരത്താം എന്നാൽ ഇന്ന് അതിന്റെ മുനയും ഒടിഞ്ഞില്ലാതായി കൊണ്ടിരിക്കുന്നു. നിരോധനം വീണ പുസ്‌തകത്തിന്റെ ഇലക്‌ട്രോണിക് ഫോർമാറ്റ് തലങ്ങും വിലങ്ങും ഇന്റർനെറ്റിൽ പറന്ന് നടക്കും. ചുരുക്കത്തിൽ ഡിജിറ്റൽ അല്ലാത്ത മാധ്യമരൂപങ്ങളും നിരോധനത്തെ മറികടക്കാൻ ഡിജിൽ രൂപത്തിലേക്ക് ഇറങ്ങും. നിരോധനം വീഴുമെന്ന് ഉറപ്പായാൽ അത് പെട്ടെന്ന് തന്നെ പകർത്തിയോ സ്‌കാൻ ചെയ്‌തോ സൂക്ഷിച്ച് വയ്‌ക്കുന്നത് ഒരു ബദൽ പ്രവർത്തനവും തന്നെ. മിക്കപ്പോഴും ഇത് പബ്ലിക് ലൈനിലൂടെ അല്ലാതെ പങ്ക് വയ്‌ക്കുകയും ചെയ്യും.

മറ്റെല്ലാ മാധ്യമങ്ങളും ഒന്നല്ലങ്കിൽ മറ്റൊരു നിയമത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സിനിമയുടെ കാര്യം തന്നെയെടുക്കൂ, തിയേറ്റർ വഴി പ്രദർശിപ്പിക്കണമെങ്കിൽ അത് സെൻസർ ബോർഡിനു മുന്നിൽ സമർപ്പിച്ച് അനുമതി വാങ്ങിയാലേ നാട്ടിലെമ്പാടുമുള്ള സിനിമാകൊട്ടകകളിൽ എത്തിക്കാനാകൂ, അത് പൊലെ തന്നെ ടെലിവിഷൻ ചാനലും എഫ്എം റേഡിയോയും നടത്തുന്ന സ്വകാര്യ ഓപ്പറേറ്റർമാർക്ക് ലൈൻസൻസ് ഉണ്ടാകണം. എന്നാൽ ഇന്റർനെറ്റിലോ? ഇതൊന്നും ആവശ്യമില്ല, ആർക്കും പ്രസാധകൻ ആകാം, സിനിമ എടുത്ത് യ്യൂട്യൂബ് വഴി മാലോകരെ കാണിക്കാം. ഒരു പക്ഷെ പറയുന്ന വിഷയത്തിന്റെ കാമ്പിനും കരുത്തിനുമനുസരിച്ച് അത് വൈറൽ ആയി ലക്ഷക്കണക്കിന് ആളുകളിലേക്ക് ക്ഷണനേരം കൊണ്ടെത്തും. ഇവിടെ പരാമർശ വിഷയമായ 'ഇന്ത്യയുടെ മകൾ' ഡോക്യുമെന്ററി തന്നെ ആരൊക്കെ ഈ ഔദ്യോഗിക നീക്കം ചെയ്യലിന് ശേഷം കണ്ടു എന്നറിയാൻ നിരോധന ദിവസത്തിന്റെ തൊട്ടടുത്ത മണിക്കൂറുകളിൽ ഫേസ്ബുക്കിലും ട്വിറ്ററിലും വന്ന അഭിപ്രായങ്ങളുടെയും ചർച്ചകളുടെയും മാത്രം കണക്കെടുത്താൽ മതിയാകും. ശരിക്കും പറഞ്ഞാൽ കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഇന്റർനെറ്റിന്റെ കാര്യത്തിൽ കാറ്റിൽ പറന്നു എന്ന് പറയാം. ഒട്ടനവധി പകർപ്പുകൾ മറ്റ് പല പേരിലും തരത്തിലും വീഡിയോ പങ്കിടൽ സൈറ്റുകളിലിലും ഫയൽ കൈമാറ്റ ഇടങ്ങളിലും പൊന്തിവന്നു.

ഇന്റർനെറ്റ് സെൻസർഷിപ്പിന്റെ കാര്യം പറയുമ്പോൾ പതിവായി ഉയർന്ന് വരാറുള്ള വാദമാണ് ചൈനയിൽ എല്ലാം സർക്കാർ അരിപ്പ കടന്നല്ലേ (ഫിൽറ്ററിങ്ങ്) പൗരന്മാർക്ക് കിട്ടുന്നത് എന്നത്. കാര്യങ്ങൾ അവിടെയും സർക്കാർ ചിട്ടവട്ടങ്ങളിലല്ല എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത. ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി വരുന്നതിനും ഏതാനും ദിവസം മുന്നെ, അതായത് ഫെബ്രുവരി അവസാനവാരം Under the Dome എന്ന ഒരു പരിസ്ഥിതി ദൂഷണം പരാമർശ വിധേയമാകുന്ന ഡോക്യുമെന്ററി വല്ലാതെ വൈറൽ ആയി ചൈനയിലെ ഇന്റർനെറ്റ് ഇടങ്ങളിൽ പൊടുന്നനെ പ്രത്യക്ഷമായി. 48 മണിക്കൂറിനകം 10 കോടിയിലധികം പ്രേക്ഷകർ ഇതിനുണ്ടായി എന്നാണ് വാർത്തകൾ. അതിന്റെ എണ്ണക്കണക്കിലേക്കല്ല, മറിച്ച് സർക്കാരിന് പരിസ്ഥിതി അനുഭാവ നയമാണുണ്ടാകേണ്ടത് എന്ന അഭിപ്രായം സ്വരൂപിക്കാൻ ഈ ഡോക്യുമെന്ററിക്ക് സാധിച്ചു. ആദ്യമൊക്കെ ഈ പരിസ്ഥിതി ഡോക്യുമെന്ററിയോട് അനുഭാവം പ്രകടിപ്പിച്ചവർ തന്നെ സംഗതി സുഖകരമാകില്ല എന്ന് കണ്ട് നിരോധിക്കുകയാണുണ്ടായത്. ഈ രണ്ട് വീഡിയോ ഉള്ളടക്കവും ലോകത്തെ രണ്ട് വൻ രാജ്യങ്ങളിലെ കടുത്ത യാഥാർത്ഥ്യമാണ് ഭരണകൂടത്തെ മറി കടന്നും ഇന്റർനെറ്റിലൂടെ കാഴ്ചക്കാരെ ഉണ്ടാക്കിയത്.


സർക്കാരിന്റെ ഭാഷ നിരോധനത്തിന്റേതാകുമ്പോൾ, പ്രജകൾ അത് അപ്പടി അംഗീകരിച്ചിരിക്കേണ്ട അവസ്ഥ ഒന്നും ഈ ഗൂഗോളവൽകൃത ലോകത്ത് ഇല്ല എന്നതാണ് സമകാലിക യാഥാർത്ഥ്യം. ഒന്ന് നല്ല പോലെ ഗൂഗിളിലോ ടോറന്റിലോ തപ്പിയാൽ തടഞ്ഞ് വച്ചതൊക്കെ നിമിഷനേരം കൊണ്ട് ഉള്ളം കൈയ്യിലെ മൊബൈൽ ഫോണിലോ ടാബ്/ഐപാഡിലോ എത്തും. ഈ യാഥാർത്ഥ്യം നിരോധന വാൾ ചുഴറ്റുന്നവർ അറിയാതിരിക്കില്ല എന്നിട്ടും നിരോധനം മുറയ്‌ക്ക് നടക്കുന്നു. സെൻസർഷിപ്പ് എന്ന വാക്ക് അപ്രസക്തമാണ് അഥവാ നിറം മങ്ങിക്കൊണ്ടിരിക്കുന്നു, കുറഞ്ഞ പക്ഷം ഇന്റർനെറ്റിലെങ്കിലും.

പിൻ‌കുറിപ്പ്: Under the Dome – Investigating China’s Smog എന്ന് യൂട്യൂബിൽ തിരഞ്ഞാൽ ചൈനയിലെ പരിസ്ഥിതിയുടെ സ്ഥിതി - ഇംഗ്ലീഷ് സബ്‌ടൈറ്റിലിൽ - കാണാം.

(കേരള മീഡിയ അക്കാദമി -പൂർവാശ്രമത്തിൽ പ്രസ് അക്കാദമി - ജേണൽ 'മീഡിയ' യിൽ പ്രസിദ്ധീകരിച്ച ലേഖനം)

Wednesday, January 21, 2015

സാമൂഹിക മാധ്യമങ്ങളും മലയാളവും

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിലൂടെ പൊതുജനങ്ങളെ പരസ്പരം കണ്ണികളാക്കി അവരവർക്ക് എഴുതാനും ഫോട്ടോകൾ, വിവരങ്ങൾ ഒക്കെ പങ്ക് വയ്‌ക്കാനുള്ള സൈബർ ഇടമാണ് സാമൂഹിക മാധ്യമങ്ങൾ. ഡിജിറ്റൽ വ്യൂഹങ്ങളിലാണ് ഇതിലെ ഉള്ളടക്കം നിലകൊള്ളുന്നത്, അച്ചടി മാധ്യമത്തെപോലെ ഭൗതികമായ സാന്നിദ്ധ്യം ഇല്ല എന്ന് പറയാം, ശരിക്കും വിർച്വൽ കമ്യൂണിറ്റികളാണ് സാമൂഹിക സമ്പർക്ക വെബ്‌സൈറ്റുകൾ. പരസ്പരം എഴുതാനും ഉള്ളടക്കം പങ്ക് വയ്‌ക്കാനും സാധിക്കുന്നു. വാർത്തയും വർത്തമാനവും ഒക്കെ തൽസമയം ലഭിക്കും എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത എല്ലാവർക്കും എഴുതാൻ അവസരമുണ്ട് എന്നതുമാണ്. ഇവ നവമാധ്യമങ്ങൾ എന്നും വിളിക്കപ്പെടുന്നു. എന്നാൽ ഇനി അഞ്ചോ പത്തോ വർഷം കഴിഞ്ഞ് മറ്റൊരു മാധ്യമരൂപം വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ വീക്ഷണ കോണിൽനിന്നു നോക്കുക ആണങ്കിൽ നവമാധ്യമം എന്ന വിളിപ്പേരിനെക്കാൾ ഉചിതം സാമൂഹിക മാധ്യമം എന്നതുതന്നെ.

വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയം അടിസ്ഥാനപരമായി നിലനിൽക്കുമ്പോൾ തന്നെ വാർത്താ താരങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയും ഇന്ന് സാമൂഹിക സമ്പർക്ക മാർഗങ്ങൾ ഉപയോഗിക്കുന്നത് പരമാവധി പേരിലേക്ക് തങ്ങൾക്ക് പറയാനുള്ളത് എത്തിക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ്. ഒരു ടെക്‌നോപൊളിസ് പതിയെ രൂപപ്പെടുകയാണ്. അവിടെ ദൂരങ്ങൾ പെട്ടെന്ന് ഇല്ലാതാകുന്നു, എത്ര അകലത്തിലിരുന്നവർ പോലും തമ്മിൽ കാണുമ്പോൾ ഇന്നലെ കണ്ടപോലെ പരിചിതമായി സംഭാഷണം ആരംഭിക്കാൻ പറ്റുന്നത് അവരവരുടെ ടൈംലൈനിൽ അവരെ സംബന്ധിച്ച വിവരങ്ങൾ ഉള്ളതുകൊണ്ടു കൂടിയാണ്.

സാധാരണ മാധ്യമങ്ങളുടെ ഘടനയിൽ നിന്ന് വളരെ മാറിയാണ് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ സഞ്ചരിക്കുന്നത്. ഇരുത്തം വന്ന ഭാഷ, പലതട്ടിൽ ഉള്ള എഡിറ്റിങ്ങ് ഒക്കെ സാമ്പ്രദായിക മാധ്യമങ്ങളിൽ നടക്കുമെന്ന് തത്വം. അവനവൻ മാധ്യമത്തിൽ ഇങ്ങനെ ഒരു എഡിറ്റിങ്ങ് ഇല്ല, മറിച്ച് അവരവരുടെ രുചിഭേദവും അറിവും അനുസരിച്ച് ഇടപെടുകയാണ്. അതുകൊണ്ടുതന്നെ ഓരോ ഡിജിറ്റൽ വ്യക്തികളുടെ ഭാഷയും വ്യത്യസ്തമായിരിക്കും. ഉള്ളടക്കത്തിന്റെ ആധികാരികത വ്യക്തിയെ ആശ്രയിച്ചാണ് ഉറപ്പിക്കാനാകുന്നതും. മാധ്യമ ബഹുസ്വരതയുടെ ശക്തിയും ദൗർബല്യവും ഒരേ സമയം ഇതിനുണ്ട്. എണ്ണം കൊണ്ടും വളർച്ചാനിരക്കുവച്ചും ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂ ട്യൂബ് ഒക്കെ ലോകത്തെ പ്രബലമാധ്യമമായി മാറിക്കഴിഞ്ഞു. മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനവും സ്മാർട്ട് ഫോണുകളുടെ പ്രചാരവും സാമൂഹികസമ്പർക്ക മാധ്യമങ്ങളുടെ സമീപകാല മുന്നേറ്റത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.

പരമ്പരാഗത മാധ്യമങ്ങളിൽ പലതട്ടിലൂടെയുള്ള എഡിറ്റോറിയൽ അരിപ്പയിലൂടെ കടന്നാകും റിപ്പോർട്ടുകൾ നമ്മളിലേക്കെത്തുന്നത്. എന്നാൽ ബ്ലോഗ് മുതലുള്ള വെബ്‌മാധ്യമങ്ങളിൽ യാതൊരു എഡിറ്റോറിയൽ സ്‌ക്രീനിങ്ങും ഇല്ലാതെയാണ് വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തുന്നത്. എഴുത്തുകാരനും എഡിറ്ററും പ്രസാധകനും എല്ലാം ഒരാൾ തന്നെ. പരമ്പരാഗത മാധ്യമങ്ങൾക്കെല്ലാം അവരുടേതായ ഉള്ളടക്ക നയം ഉണ്ടാകും. പരസ്യം അടക്കമുള്ള ബാഹ്യഘടകങ്ങളും വാർത്തയുടെ തിരഞ്ഞെടുപ്പിനെയും അവതരിപ്പിക്കലിനേയും ബാധിക്കും. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഈ ബാധ്യതകൾ ഒന്നും ഇല്ലാത്തതിനാൽ വാർത്തകൾ, വിശകലനങ്ങൾ ഒക്കെ ഒഴുകിപ്പരക്കുകയാണ്. വ്യക്തിയുടെ നിലപാടും ഒരോ വിഷയത്തോടും അപ്പപ്പോഴുള്ള യോജിപ്പും വിയോജിപ്പുമൊക്കെയാണ് എഴുത്തിന്റെ മാനദണ്ഡങ്ങൾ.

മാധ്യമങ്ങൾക്ക് ഇത്തരം അവനവൻ മാധ്യമങ്ങൾ അഥവാ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ പകരക്കാരനാകുമോ എന്ന ഗൗരവമായ ചോദ്യങ്ങൾ പലകോണുകളിൽ നിന്ന് ഉയരാനും ആരംഭിച്ചിട്ടുണ്ട്.  ഇന്റർനെറ്റ് പൂർവകാലത്ത് പുറം ലോക വാർത്തകൾ മുതൽ തൊട്ടയൽ പക്ക വർത്തമാനങ്ങൾ വരെ ലഭിച്ചിരുന്നത് പരമ്പരാഗത മാധ്യമങ്ങൾ വഴി മാത്രമായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല. വാർത്തകൾ ഉത്ഭവിക്കുന്ന ഇടത്ത് നിന്ന് തന്നെ തൽക്ഷണം സിറ്റിസൺ ജേണലിസ്റ്റുകളുടെ വക വാർത്ത എത്തിക്കൽ ആരംഭിക്കും. ഇങ്ങനെ എഴുതുന്നവർ പരമ്പരാഗത വഴിയിൽ എഴുത്ത് ശിക്ഷണമോ എഡിറ്റിംഗ് പരിശീലനമോ ഒന്നും ലഭിച്ചവർ ആയിരിക്കണമെന്നില്ല. ഇത് മാധ്യമ ഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുന്നു ഒപ്പം വാർത്തയുടെ തൽക്ഷണമുള്ള വ്യാപനത്തിന് സൌകര്യമൊരുക്കുന്നു എന്നതാന് ഏറ്റവും പ്രധാനം.  ദൈനംദിന വിഷയങ്ങളിൽ ആധികാരികതയോടെ വിശകലനം നടത്തുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്. സാധാരണ എഡിറ്റോറിയൽ പേജ് ലേഖനങ്ങളെക്കാളും മികച്ച തരത്തിൽ എഴുതപ്പെടുന്ന പോസ്റ്റുകൾക്ക് വായനക്കാരും ധാരാളമുണ്ട്. പത്രത്തിൽ തൽക്ഷണ ചർച്ചയ്ക്ക് ഒരു സാധ്യതയും ഇല്ല. എന്നാൽ ഇവിടെ മുഖലേഖനത്തേക്കാൾ ആധികാരികവും ആഴവും ഉള്ള അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ ഒക്കെ തൊട്ടുതാഴെ കമന്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും. നിരന്തര സംവാദങ്ങളും അഭിപ്രായങ്ങൾ പങ്കു വയ്‌ക്കലും സോഷ്യൽ മീഡിയയെ ഒഴിവാക്കാനാകാത്ത മാധ്യമ രൂപം ആക്കി മാറ്റിക്കഴിഞ്ഞു. അതു കൊണ്ടാകാം ഇന്ന് ഫിഫ്‌ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേരും സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്ക് ലഭിച്ചത്.  ഈ വലിയ വായനാസമൂഹത്തിന്റെ വിപണി സാധ്യതകൂടി കണ്ടിട്ടാകണം അച്ചടി, ടെലിവിഷൻ വാർത്താമാധ്യമങ്ങൾ അടക്കം സൈബർ ചർച്ചാ വേദികളിലും സക്രിയ സാന്നിദ്ധ്യമാകുന്നത്. ഇതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്നതണ് വസ്തുത.


ഇന്റർനെറ്റ് നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന പ്രധാന ന്യൂനത,  വിനിമയ ഭാഷയായ  ഇംഗ്ലീഷ് ഡിജിറ്റൽ വ്യൂഹങ്ങൾക്ക് പഥ്യം എന്നതായിരുന്നു. എന്നാൽ യൂണികോഡ് മലയാളം അക്ഷരൂപങ്ങളുടെയും  വിവിധ ഇന്റർനെറ്റ് ഇടങ്ങളിൽ അവ കാര്യമായ തോതിൽ ഉപയോഗിച്ച് തുടങ്ങിയതും മുൻധാരണകളെ ആകെ മാറ്റിമറിച്ചു. ഇന്ന് സൈബർ മലയാളം കാര്യമായി മുന്നേറുകയാണ്. മൊബൈൽ ഫോൺ പ്രവർത്തകസംവിധാനത്തിന്റെ സമ്പർക്ക മുഖം മുതൽ സാമൂഹികമാധ്യമങ്ങളിൽ വരെ മലയാളം കാര്യമായ തോതിൽ ഉപയോഗിക്കപ്പെടുന്നു. മലയാളം വിക്കിപീഡിയ ഇന്ത്യയിലെ തന്നെ സജീവപതിപ്പുകളിൽ മുന്നിൽ നിൽക്കുന്നു. മലയാളത്തിൽ ഇന്റർനെറ്റിൽ തിരഞ്ഞ് വിവരം എടുക്കുന്നവരുടെ എണ്ണം കുറവല്ല എന്നത് മറ്റൊരു തരത്തിൽ ഇന്റർനെറ്റ് വിവരപ്പുരകളിൽ നമ്മുടെ ഭാഷാ ഉള്ളടക്കം സാമാന്യം നല്ലത് എന്ന് കൂടിയാണല്ലോ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും ഇപ്പോഴും ചിലരെങ്കിലും ഇന്റർനെറ്റിൽ മലയാളം എഴുതുന്നതിന് മംഗ്ലീഷിനെയോ അല്ലെങ്കിൽ ഇംഗ്ലീഷിനെയോ ആശ്രയിക്കുന്നു എന്നത് വസ്‌തുതയാണ്. മലയാളത്തിൽ എഴുതാനും വായിക്കാനും പേജ് രൂപകല്പന നടത്താനും ഇംഗ്ലീഷ് ഭാഷയിലേതുപോലെ തന്നെ എളുപ്പമാണ്. നിരവധി വെബ് സൈറ്റുകൾ ഇക്കാര്യം മുൻ നിർത്തി സഹായങ്ങൾ നൽകുന്നുണ്ട്. അവയിൽ വിവിധതരത്തിലുള്ള മലയാള അക്ഷരരൂപങ്ങളും, എഴുത്തുരീതിയും ലഭ്യമാണ്. അവയിൽനിന്ന് ഫോണ്ടുകൾ കമ്പ്യൂട്ടറിൽ കൊണ്ട് വരാനും, എഴുതാൻ ഉള്ള സങ്കേതങ്ങൾ ഉൾപ്പെടുത്താനും എളുപ്പം കഴിയും.  സമാന്തരമായി തന്നെ ബ്ലോഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് എന്നിവയിലും മലയാളം കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഇനി അടുത്ത ഗതിവേഗം മലയാളം ഉള്ളടക്കത്തിനുണ്ടാകാൻ പോകുന്നത് മൊബൈൽ ഫോണിൽ നിന്നാകും. സ്‌മാർട്ട് ഫോൺ ഉപകരണങ്ങളിൽ ഇപ്പോൾ മലയാളത്തിൽ എഴുതാൻ ഉള്ള ആപ്ലിക്കേഷനുകൾ കാര്യമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അത് വരും വർഷങ്ങളിൽ പ്രചുരപ്രചാരം നേടുന്നതോടെ മലയാളം ഇ-മെയിൽ മുതൽ എസ്എംഎസ് വരെ തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടും. നിലവിൽ വെബ് സൈറ്റുകൾ അത് വാണിജ്യ-വ്യാപാര ഉടമസ്ഥതയിൽ ഉള്ളതായാലും സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളുടെതായാലും പ്രാദേശികഭാഷകളിലേക്ക് കൂടുമാറുന്നതേയുള്ളൂ. ഇന്റർനെറ്റിന് ഇനിയുള്ള വളർച്ച  പ്രാദേശികഭാഷയിലൂടെയാണെന്ന  നിലയിൽ എത്തി നിൽക്കുന്നു, കാര്യങ്ങൾ.

സോഷ്യൽ നെറ്റ്‌വർക്ക് ഇന്ന് പലതരം പഠനങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇതിൽ വളരെ പ്രസക്തമായ ഒ‌ന്ന്, ഒരു വ്യക്തിയുടെ എഴുത്തുജീവിതം ക്രമമായി മാറുന്നതിനെക്കുറിച്ചുള്ളതാണ്.  ആദ്യം ഫേസ് ബുക്കിൽ ഒക്കെ കുറിച്ച് തുടങ്ങിയയിടത്തുനിന്നു പതിയെ എഴുത്തു രീതിയും ഭാഷയും മാറുന്നു. എങ്ങനെ മാറുന്നു എ‌ന്നത് ആ വ്യക്തിയുടെ ചങ്ങാതി വൃന്ദത്തെയും അവർ ഇടപെട്ട രീതിയെയും ഒക്കെ ആശ്രയിച്ചിരിക്കും. പഴയ പോസ്റ്റുകൾ ഇപ്പോൾ കാണുമ്പോൾ ഒരു വല്ലായ്‌മ അനുഭവപ്പെടുന്നെങ്കിൽ അതിനർഥം പഴയ കാലത്തുനിന്ന് നിങ്ങൾ വ്യക്തമായി മാറിയിരിക്കുന്നു എന്നാണ്. ലോ‌കവീക്ഷണം മുതൽ വായിക്കാനെടുക്കുന്ന പുസ്‌തകങ്ങൾ വരെ ഇങ്ങനെ സ്വാധീനിക്കപ്പെടുന്നുണ്ട്. അറിവിനെയും എഴുത്തിനെയും അതിന്റെ പിന്നാമ്പുറത്തെ ചിന്തയേയും സാമൂഹികസമ്പർക്ക മാധ്യമങ്ങൾ അതിന്റെതായ രീതിയിൽ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.  ഒരു പക്ഷേ ഇത് പരസ്പരവിപരീതമായ ദിശകളിൽ സംഭവിക്കാം.  സാമൂഹികമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ന്യൂനപക്ഷം ഉണ്ടാകാം എന്ന് വച്ച് അവ കൊണ്ടുവരുന്ന ഗുണകരമായ പരശതം കാര്യങ്ങളോട് എങ്ങനെ പിണങ്ങി നിൽക്കാനാകും? അച്ചടി മാധ്യമങ്ങൾ അടക്കം മാധ്യമങ്ങളെ ദുഷ്ടലാക്കോടെ ഉപയോഗിച്ച സാഹചര്യങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും പലകുറി ഉണ്ടാകുന്നു.  ഗുണവശങ്ങളും സമൂഹത്തെ ഇവ സുതാര്യവത്കരിക്കുന്നതിന്റെ തോതും കണക്കിലെടുത്താൽ മാത്രമേ ദുരുപയോഗത്തെയും ദൂഷ്യവശങ്ങളെയും പറ്റിയുള്ള ചർച്ചകൾക്ക് സമഗ്രതയുണ്ടാവുകയുള്ളൂ . വ്യക്തി സ്വകാര്യത ഈ ഡിജിറ്റൽ കാലത്ത് കനത്ത വെല്ലുവിളിയെ നേരിടുന്നുണ്ട് എന്നത് വിസ്‌മരിക്കാൻ പാടില്ലാത്ത കാര്യമാണ്. ഒളിച്ചു വയ്‌ക്കാനും ഇരിക്കാനും ഒരിടമില്ലാത്ത അവസ്ഥ എന്ന് ഇതിനെ സാമാന്യമായി വ്യവഹരിക്കാം.എന്നാൽ ഭരണകൂടങ്ങൾക്കു മാത്രമല്ല, പൌരന്മാർക്കുപോലും പൊതുസ്ഥാപനങ്ങൾ മുതൽ എൻ ജി ഓ കളെ വരെ നിരന്തരമായ നിരീക്ഷണത്തിനും വിചാരണയ്ക്കും വിധേയമാക്കാനുള്ള അവസരം പുതിയ മാധ്യങ്ങളുടെ ഇടപെടലുകൾ നിർമ്മിച്ചിട്ടുണ്ട്.  മുൻപ് മാധ്യമസൃഷ്ടിയെന്നോ പറഞ്ഞത് വളച്ചൊടിച്ചതാണെന്നോ പറഞ്ഞ് രക്ഷപ്പെടാമായിരുന്ന അവസരങ്ങൾ കുറഞ്ഞു. ചരിത്രം ചികഞ്ഞും  വസ്തുതകളുടെ പിൻ ബലത്തോടെ മർമ്മത്ത് കൊള്ളുന്ന ചോദ്യം ചോദിക്കാനും ഇന്റർനെറ്റ് വിവരപ്പുരകൾ - ആർക്കീവ്സ് - സാധാരണ പൗരന്മാരെ വരെ ശാക്തീകരിക്കുന്നു.

ഇന്ന് ലോകമാകമാനം സൈബർ ഇടങ്ങളിൽ സാധാരണക്കാർ എഴുതുന്നതും അവർ ചേർക്കുന്ന ചിത്രങ്ങളും എല്ലാം,  വാർത്ത കണ്ടെത്തലിന്റെ ഭാഗമായി പത്ര-ടെലിവിഷൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. പല മേഖലകളിൽ വിദഗ്ദരായ ആളുകൾ എഴുതുന്നതിൽ നിന്ന് പത്രമാധ്യമങ്ങൾ, അവർക്കാവശ്യമുള്ള വാർത്തയുടെ നാമ്പുകൾ കണ്ടെടുക്കുന്നു. വാർത്തയുടെ നിജസ്ഥിതി ഉറപ്പ് വരുത്താനും എഴുതിയ വാർത്ത കൂടുതൽ മെച്ചമാക്കാനും സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഉണ്ട്.

അറിയുക അറിയിക്കുക എന്നതിലുപരിയായി പലപ്പോഴും നമ്മുടെ സ്‌കൂൾ, കോളേജ് പഠനകാലം വഴിയോ  മറ്റേതെങ്കിലും സംഘടനയോ പ്രസ്ഥാനങ്ങളോ വഴിയോ ഒക്കെ പരിചയപ്പെട്ടവരെ സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്നതും ഓൺലൈൻ ഇടത്തിന്റെ മേന്മ ആണല്ലോ. സമാന ചിന്താഗതിയുള്ളവർക്ക് രമ്യപ്പെടാനും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള സാഹചര്യവും അവ ഒരുക്കുന്നുണ്ട്. ചങ്ങാതിയുടെ ചങ്ങാതി ആയി ആകാം പരിചയം തുടങ്ങുന്നത്. എന്നാൽ പിന്നീട് ഇത് സുദൃഢമായ വ്യക്തിബന്ധമായോ പൊതുസംഘടനയുടെ പങ്കാളിയായോ സാമൂഹിക പ്രവർത്തനം മുൻ നിർത്തി ഒരുമിക്കാനോ ഒക്കെയുള്ള  സാധ്യത ഏറെയാണ്.ടുണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂവിപ്ലവം, അമേരിക്കയിലെ വാൾസ്ട്രീറ്റ് പ്രക്ഷോഭം, ഡൽഹിയിലെ കൂട്ടായ്‌മകൾ ഒക്കെ സോഷ്യൽ മീഡിയ മുന്നോട്ട് വയ്‌ക്കുന്ന പൊതുസമര സാധ്യതകൾ ആയി. ആളിനെ സംഘടിപ്പിക്കാനും ആശയങ്ങൾ ഊതിക്കാച്ചിയെടുക്കാനും ഒക്കെ അപരിമിതമായ അവസരങ്ങൾ ഇത് ഒരുക്കി തരുന്നുണ്ട്. എന്നെ പോലെ അല്ലെങ്കിൽ എന്റെ ആശയം സമാന തലത്തിൽ പങ്കിടുന്ന ഒട്ടേറെ പേരുണ്ടന്നും, ഒന്നൊരുമിച്ചാൽ മാറ്റം സാധ്യമാകും എന്നുള്ള ബോധ്യം ഇന്ന് ഡിജിറ്റൽ ശൃംഖലകൾ പ്രാവർത്തികമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവരുടെ കാര്യങ്ങൾ എഴുതാനും പറയാനും ഉള്ള ഈ സ്ഥലം ഒന്നാം തരം ജനാധിപത്യവേദി കൂടിയാണന്ന് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ എന്നു ചുരുക്കം.

ഇതര ഭാരതീയ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺലൈൻ മലയാളം മെച്ചപ്പെട്ട ‌പ്രകടനമാണ് നടത്തുന്നത്. വിവിധ പോർട്ടലുകൾ അതിൽ തന്നെ സാഹിത്യ സംബന്ധിയായത് മുതൽ മുഴുവൻ സമയ വാർത്താ ഇടങ്ങൾ വരെ. വിജ്ഞാനകോശം മുതൽ ഓൺലൈൻ നിഘണ്ടുക്കൾ വരെ. മലയാളം യൂണികോഡ് ഫോണ്ടുകൾ ഈയടുത്ത കാലത്തായി എണ്ണം കൊണ്ടും വർധന രേഖപ്പെടുത്തി തുടങ്ങിക്കഴിഞ്ഞു. ഇന്റർനെറ്റിൽ മലയാളം സർച്ച് ചെയ്യുന്നവരുടെ എണ്ണവും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ അനായാസമായി മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്ന സാഹചര്യം കൂടി വന്നതോടെ ഉള്ളടക്കത്തിലും മലയാളം ഓൺലൈൻ ഉപയോഗത്തിന്റെ കാര്യത്തിലും മുൻവർഷങ്ങളെക്കാൾ വളർച്ച ഇനി ന്യായമായി പ്രതീക്ഷിക്കാം.

Saturday, January 17, 2015

വാർത്തകൾ 'ശരി'ക്കും വാർത്തകൾ ആകേണ്ടേ

യേശു തന്നിൽ വിശ്വസിച്ച യഹൂദരോട് പറഞ്ഞു: എന്റെ വചനത്തിൽ ഉറച്ച് നിന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ഒരർത്ഥത്തിൽ യേശുവിനോട് വിശ്വാസികൾക്കുള്ള വിശ്വാസം തന്നെയാണ് ജനാധിപത്യ രാജ്യത്തെ ആം ആദ്മികൾ സ്വതന്ത്രരെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് നൽകുന്നതും. സത്യം നമ്മൾ അറിയണം, ആ സത്യം ജനാധിപത്യത്തെ കൂടുതൽ സ്വതന്ത്രരാക്കുകയും ചെയ്യുമെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട തത്വവും.

എന്നാൽ ഏതാനും വർഷങ്ങളായി പലപത്രങ്ങൾ, ചാനലുകൾ മാറ്റി നോക്കിയാൽ പോലും കാണാതാകുന്ന തരത്തിലെ ചില സത്യങ്ങൾ ഇല്ലേ? ഒരു പക്ഷെ ഞാൻ മുന്നെ, ഞാൻ മുന്നെ എന്ന ആവേശത്തിൽ റിപ്പോർട്ട് ചെയ്യേണ്ടത് ഈ 24X7ലോകത്ത് ആവശ്യമാണെന്ന് മാധ്യമങ്ങൾ മറുപടി പറഞ്ഞേക്കാം. ആരുടെ ആവശ്യം എന്ന് മറുചോദ്യം തത്കാലം ഉള്ളിൽ വച്ച് കൊണ്ട് ചോദിക്കട്ടെ. വസ്തുതകളുടെ പിൻബലമില്ലാതെ അപ്പോൾ കാണുന്ന യുക്തിയുടെയും പണ്ടേ ഉള്ളിലുള്ള വിവരത്തിന്റെയും മാത്രം വെളിച്ചത്തിൽ വെളിച്ചപ്പാടിന്റെ വെപ്രാളത്തിൽ വാർത്തയാക്കുമ്പോൾ ഞെരിഞ്ഞമരുന്നത് വ്യക്തികൾ , സ്ഥാപനങ്ങൾ , സംഘടനകൾ അങ്ങനെ പലതും.

ഇത് പറയാൻ വ്യക്തമായ കാരണം ഉണ്ട്. മാധ്യമപ്രവർത്തകർക്ക് തെറ്റുപറ്റാം, തെറ്റ് മനുഷ്യസഹജവുമാണ്. അത് അച്ചടി മാധ്യമങ്ങൾ സ്വയബോധ്യത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കോടതിയെ പേടിച്ചോ തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ തന്നെ വിശദീകരണക്കുറിപ്പായോ മാപ്പായോ പ്രസിദ്ധീകരിക്കുന്നു. എന്നാൽ പത്രങ്ങളെ വിഴുങ്ങുന്ന പോലെ ചാനലുകൾ വന്നപ്പോൾ അവടെ ഇങ്ങനെ ഒരു ഇടം ഉണ്ടോ? തെറ്റുകൾ എത്രയോ തവണപറ്റുന്നു. അത് തെറ്റിപ്പോയെന്ന് പറയാൻ ഏതെങ്കിലും ഒരു വാർത്താചാനലിൽ ഇടം ഉണ്ടോ ? തെറ്റുകൾ പറ്റുന്നുണ്ടന്ന് ആരും സമ്മതിക്കും എന്നാൽ അത് തിരുത്തുന്നുണ്ടോ എന്നതാണ് നേരെയുള്ള ചോദ്യം. നേരോടെ നിർഭയം നിരന്തരം എന്നതുമുതൽ നേരറിയാൻ നേരത്തെ അറിയാൻ എന്നൊക്കെ ആണല്ലോ പരസ്യത്തിലെ ആപ്തവാക്യങ്ങൾ. പരസ്യം പ്രാവർത്തികമാക്കണം എന്നത് വാണിജ്യയുക്തിയിൽ 'ശരിയല്ല' , അത് നമ്മുടെ മാധ്യമങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്നുണ്ടോ എന്ന് സന്ദേഹിച്ചാലും കുറ്റപ്പെടുത്താനാകില്ലല്ലോ

ഇക്കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ എത്രയോ പേർ ചാനലുകളുടെ വാർത്താവെപ്രാളത്തിൽ പെട്ടു, ആ വാർത്തയുടെ ശരിയകലം പിന്നീട് വ്യക്തമായപ്പോഴേക്കും ഇവരുടെ ഭാഗം വാർത്തയിൽ ഇടം പിടിച്ചുമില്ല. ഉദാഹരണം നിരത്തുന്നില്ല. എന്നാൽ മറ്റൊരു സമാന സംഭവം ചൂണ്ടിക്കാട്ടാം. പിഎഫ് വിവാദവുമായി ബന്ധപ്പെട്ട സംഭവത്തിൽ പണാപഹരണത്തിൽ ന്യായമൂർത്തിമാർ പലരും ഉൾപ്പെട്ടു. സ്വാഭാവികമായും വാർത്ത ആകുന്ന സംഭവം റിപ്പോർട്ട് ചെയ്ത് വന്നപ്പോൾ ജസ്റ്റിസ് പി.കെ സാമന്തയെക്കുറിച്ച് പറഞ്ഞിടത്ത് ജസ്റ്റിസ് പി.ബി സാവന്തിന്റെ ചിത്രം കാണിച്ച ചെറിയൊരു കയ്യബദ്ധത്തിന് ടൈംസ് നൗ ചാനൽ കൊടുക്കേണ്ടി വന്ന വില എത്രയായിരുന്നു! അപ്പീൽ മേൽക്കോടതിൽ പരിഗണിക്കണമെങ്കിൽ തന്നെ ഒന്നും രണ്ടും കോടിയല്ല, 20 കോടി ഉറുപ്പിക കാശായും 80 കോടി ബാങ്ക് ഗ്യാരണ്ടിയായും കെട്ടിവച്ച് നൽകണമെന്നാണ് വിധിയുണ്ടായത്. പ്രസ് കൗൺസിൽ അദ്ധ്യക്ഷൻ കൂടിയായിരുന്ന സാവന്ത് ഒരു പക്ഷെ ഇത്തിരി കടന്ന കാര്യം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം നാനാദിക്കിൽ നിന്നുമുണ്ടായിരുന്നു. ഒരു പക്ഷെ ഇത് ഒരു നല്ല താക്കിത് ആകട്ടെ എന്ന് കരുതിയാകും റിട്ട. ജസ്റ്റിസ് സാവന്ത് ഇടപെട്ടത്. കേവലം പത്ത് സെക്കന്റ് ദൈർഘ്യത്തിന് കൊടുക്കേണ്ടി വന്ന വില ആ ചാനലിന്റെ മൊത്തം ആസ്തിയോളം വരുന്ന തുക. ഈ നൂറ് കോടി മാനനഷ്ടം നമ്മൂടെ മലയാളം ചാനലുകളിലൊന്നിൽ ചെന്ന് തറച്ചാൽ എന്താകും അവസ്ഥ? കേവലം പത്തോ പതിനഞ്ചോ സെക്കന്റ് ഒരു പക്ഷെ അറിയാതെ കടന്ന് വന്ന പിഴവിന്റെ വില ! അപ്പോൾ വാർത്തയുടെ അടിസ്ഥാനം എങ്ങാനും തെറ്റിയാലോ എന്താകുമായിരുന്നു അവസ്ഥ.

തിരുത്ത് പറയുന്നത് എവിടെ എന്നതും ചോദ്യമാണ്. 9 മണി രാചർച്ചയിൽ വന്ന തെറ്റഭ്യാസത്തിന് ഒരു പക്ഷെ തിരുത്ത് എയറിലെത്തിക്കുന്നത് രാത്രി 12 മണി ബുള്ളറ്റിനിൽ വന്നാൽ അത് പറ്റില്ലന്ന് ശഠിക്കുന്നവർ ഉണ്ടാകാം പക്ഷെ നമ്മുടെ പതിവ് അതാണല്ലോ, ഒന്നാം പേജിൽ വരുത്തിയ ഭീമാബദ്ധത്തിന്റെ പിഴ നൽകുന്നത് ചരമപ്പേജിന്റെയപ്പൂറത്തെ ഒരു കോളം പത്ത് സെ.മി ഇടത്താണല്ലോ ! ഇതേ മാധ്യമത്തിനെതിരെ സോഷ്യൽ മീഡിയയിൽ എങ്ങാനും തെറ്റ് ഉള്ള പോസ്റ്റിങ്ങ് വന്നാൽ അപ്പോൾ വരും വ്യവസ്ഥാപിതമായ മാധ്യമം വക അപകീർത്തി കേസ്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന് അപകീർത്തികേസ് വിഘാതമാകും എന്നത് ശരിയെന്ന് പറയണമെങ്കിൽ രണ്ട് കാര്യം ഉറപ്പാക്കണം. ഒന്ന് പറയുന്ന കാര്യം വസ്തുതാപരമാണന്ന് ഉറപ്പിക്കാൻ പറ്റുന്ന ഘടന ഉള്ളിൽ ഉണ്ടാകണം. രണ്ടാമതായി ഇതേ മാധ്യമത്തിന്റെ വാർത്തയിലെ പൊരുത്തക്കേട് പൊളിച്ചടുക്കലുകൾ ആയി സോഷ്യൽ മീഡിയയിൽ വരുമ്പോൾ അതിനോടും ഇതേ ഉദാര സമീപനം പുലർത്തണം. സോഷ്യൽ മീഡിയ കാര്യമായി തന്നെ ഈ പൊളിച്ചടുക്കൽ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം വസ്തുതാപരമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പെട്ടെന്നുത്തരം. മാധ്യമങ്ങളെ പോലെ പലതട്ട് എഡിറ്റർമാരും എഴുത്തിന്റെ രചനാവഴിയിലെ വഴക്കം ഒന്നും സിദ്ധിച്ചവരല്ലല്ലോ സാധാരണക്കാർ, അപ്പോൾ തെറ്റും, തെറ്റിദ്ധരിപ്പിക്കലും സ്വാഭാവികം. ഇത് ഒരു ആനുകൂല്യമായി പറഞ്ഞ് സാമൂഹികമാധ്യമത്തെ ന്യായികരിക്കുക അല്ല. വസ്‌തുത അതാണെന്ന് കൂടി സൂചിപ്പിച്ചെന്ന് മാത്രം.

ഒടുവിലാൻ : ഒരു കാലത്ത് വാർത്തയിലിട്ട് അരച്ചെടുത്ത നമ്പി നാരായണൻ മംഗൾയാൻ ചർച്ചാ സമയത്ത് മാധ്യമങ്ങളിൽ വിദഗ്ധ പാനലംഗം ആയി എത്തിയിരുന്നു. ഈ ചർച്ചയിലൊന്നിൽ നമ്പിനാരായണൻ പറഞ്ഞത് "ഇത് വരെ ചോവ്വാ ദോഷമെന്ന് പറഞ്ഞ് ആളുകളെ വട്ടം കറക്കിയിരുന്നുവെങ്കിൽ, ഇപ്പോൾ നമ്മൾ ചൊവ്വയെ വട്ടം കറക്കാൻ തുടങ്ങി". ഇത് മറ്റൊരു തരത്തിലും ശരിയല്ലേ, ഒരു കാലത്ത് മാധ്യമങ്ങൾ സംഘം ചേർന്ന് ഈ പ്രഗത്ഭ ശാസ്ത്രജ്ഞനെ കറക്കിയെറിഞ്ഞത് ഔദ്യോഗിക ജീവിതത്തിന്റെ പുറത്തേക്കായിരുന്നു. ആ മനുഷ്യൻ ഇപ്പോൾ ചാനലുകളിലെ അവതാരകരെ മോശം ചോദ്യത്തോട് ഇടഞ്ഞോ നിരസം പ്രകടിപ്പിച്ചോ കറക്കുന്നതും കണ്ടു. കാവ്യനീതി എന്നല്ലാതെ എന്ത് പറയാൻ.

Friday, December 05, 2014

എടിഎം ഇടപാടിന്റെ എണ്ണം കുറച്ചത് ഇതിന് കൂടിയാണ്

ഒരു ചോദ്യം ചോദിച്ചു കൊണ്ട് തുടങ്ങാം. എന്തുകൊണ്ടാണ് റിസർവ് ബാങ്ക് ഇങ്ങനെ എടിഎം ഉപയോഗം നിയന്ത്രിക്കാൻ ബാങ്കുകളെ അനുവദിച്ചത്?

ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ന് റിസർവ് ബാങ്ക് സർക്കുലറിൽ ഉയരുന്ന എടിഎം പരിപാലന ചിലവിനെ സൂചിപ്പിച്ചിരുന്നു. ഒരു എടിഎം ഇടപാട് നടക്കുമ്പോൾ ഏകദേശം രൂ.20 ബാങ്കിന് ചിലവ് ഉണ്ടാകുന്നു, അതേ സമയം ശാഖയിലെ ഇടപാട് ഒന്നിന് രൂ.40 ന് മേലെ ചിലവും ഉണ്ടാകും. ഇത് ചെറുതായി എങ്കിലും ഒന്ന് പരിമിതപ്പെടുത്തുന്നത് ബാങ്കിന്റെ ധനകാര്യ ആരോഗ്യത്തിന് മാത്രമല്ല ഇടപാടുകാർക്കും മറ്റൊരു തരത്തിൽ നല്ലത് തന്നെ. കാരണം പരിമിതിയില്ലാത്ത എടിഎം ഉപയോഗം ക്യു ന്റെ നീളം കൂട്ടുകയേ ഉള്ളൂ. സേവനം അത് എന്ത് തന്നെയായാലും ഒരു പരിധി എല്ലാ stake holders നും നല്ലതാണ്. ഇങ്ങനെ ഉണ്ടാകുന്ന ചിലവ് ഇടപാടുകാരുമായി പങ്ക് വയ്‌ക്കുന്നതിന്റെ ശരിതെറ്റുകൾ അല്ല ഇവിടെ വിഷയം. അത് എത്ര എണ്ണം വേണം അതിനെത്ര രൂപ ഈടാക്കണം എന്നതൊക്കെ അതാത് ബാങ്കുകളുടെയും നിയന്ത്രണാധികാരികളുടെയും വിഷയം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ അത് നടപ്പാക്കട്ടെ.

എന്നാൽ ഇതല്ല യഥാർത്ഥ കാരണം മറ്റ് ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നിലവിൽ പ്ലാസ്റ്റിക് പണവിനിമയം അതായത് കാർഡ് വഴിയുള്ള ഇടപാട് ഇന്ത്യയിൽ കാര്യമായ തോതിൽ ഉയരുന്നില്ല. കടകളിൽ പോയി സാധനം വാങ്ങാൻ തൊട്ടടുത്ത എടിഎം ൽ നിന്ന് പണം എടുത്ത് കടയിൽ കൊടുക്കുന്ന ഏർപ്പാട് സർവത്ര. എന്നാൽ കടയിലെ കാർഡ് ഉരസൽ (PoS Terminal/Swipe Card Reader) വഴി അനായാസം സാധിക്കാവുന്നതേയുള്ളൂ. ഇത് കാര്യമായി ഉയർത്തേണ്ടത് സർക്കാരിന്റെയും ആർ ബി ഐ യുടേയും ആവശ്യമാണ്.

ഇങ്ങനെ കാർഡ് - കട പണി വിനിമയം വഴി എന്താണ് നേട്ടം?
പണവിനിമയം ഇലക്‌ട്രോണിക് വഴികളിലൂടെ ആയാൽ, കള്ളപ്പണം കാര്യമായ തോതിൽ കുറയ്‌ക്കാനാകും. നികുതിവരവ് വർധിപ്പിക്കാം. ഇപ്പോൾ നാം വാങ്ങുന്ന ഉത്പന്നത്തിന് എല്ലാ തലത്തിലും കൃത്യമായി നികുതി സർക്കാർ ഖജനാവുകളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കൽ കടുകട്ടി ഏർപ്പാട് ആണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പറയുന്നതിന്റെ സാധുത അറിയണമെങ്കിൽ സ്വർണം എടുക്കാൻ പോകുമ്പോൾ നാമെല്ലാം കാർഡ് വഴി മാത്രമേ പണം നൽകൂ എന്ന് ഒന്ന് പറഞ്ഞ് നോക്കൂ അപ്പോൾ അറിയാം കാര്യത്തിന്റെ കിടപ്പ്‌വശം. അധിക ചാർജ് / നികുതി വരും എന്ന് മറുപടി ക്ഷണനേരം കൊണ്ട് എത്തും. അപ്പോൾ പണം കൈകൊണ്ട് രൊക്കം കൊടുത്താലോ?

ശരിയാണ് കാർഡ് വഴി എടുക്കുമ്പോൾ തീരെ നേരിയ വിനിമയനിരക്ക് ഈടാക്കുന്നുണ്ട്, ഇത് മിക്ക അവസരങ്ങളിലും കടയുടമ തന്നെയാണ് വഹിക്കേണ്ടത്. ഇ-കൊമേഴ്സ് പോർട്ടലുകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ മുതൽ നമ്മുടെ നാട്ടിലെ ഇടത്തരം സൂപ്പർമാർക്കറ്റുകളിൽ വരെ ഈ നേരിയ സേവന നിരക്ക് കടയുടമ തന്നെയാണ് വഹിക്കുന്നത്. പരമാവധി ചില്ലറ വില എന്നത് ഇതൊക്കെ ചേർത്തുള്ളതാണ്. ഈ പിഓഎസ് ടെർമിനൽ വഴിയുള്ള വിനിമയത്തിന്റെ നിലവിലുള്ള രീതി Rupay കാർഡ് വ്യാപകമാകുന്നതോടെ നിർണായകമായി മാറും. വിസാ/മാസ്റ്റർകാർഡുകളുടെ ഇന്ത്യൻ മറുപടി ആണല്ലോ റുപ്പെ കാർഡ്.

ഇപ്പോഴുള്ള എടിഎം ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ മുഖ്യകാരണം നിങ്ങളുടെ കാർഡ് ഉപയോഗരീതി അല്ലെങ്കിൽ ശീലം -Behavioural Shift- മാറ്റിയെടുക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കടകളിൽ ചെല്ലുമ്പോൾ കാർഡ് നൽകുക. അത് വഴി മറ്റൊരു നേട്ടവും ഉണ്ട്, ഉപയോക്താവ് ഒരു പക്ഷെ കടയിലെ ബിൽ തുക/തീയതി എന്നിവ മറന്ന് പോയാൽ പോലും വിശദ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വഴി അറിയാവുന്നതേയുള്ളൂ.

ലഭ്യമായ പുതിയ കണക്ക് അനുസരിച്ച് ഇന്ന് ഇന്ത്യയിൽ എടിഎം ന്റെ ആറര ഇരട്ടി PoS Terminal (കടകളിലെ കാർഡ് ഉരസൽ ഉപകരണം) ഉണ്ട്. എന്നാൽ എടിഎം ഇടപാടുകളുടെ അഞ്ചിലൊന്ന് പോലും കടകളിലെ കാർഡ് ഇടപാട് വഴി നടക്കുന്നില്ല. ഈ സ്ഥിതി പതിയെ മാറ്റിക്കൊണ്ട് വരുന്നതാണ് ലക്ഷ്യം. എടിഎം ഇടപാടിന്റെ എണ്ണത്തിനാണ് നിയന്ത്രണം എന്നാൽ കടകളിലെ ഉപകരണത്തിൽ കാർഡ് ഉപയോഗിച്ച് പണം നൽകുന്നതിൽ ഒരു നിയന്ത്രണവുമില്ല, യഥേഷ്ടം ഇടപാട് നടത്താവുന്നതാണ്.

മറ്റൊരു നേട്ടം പൗരന്മാരുടെ പക്കൽ കറൻസി നോട്ട് വയ്‌ക്കുന്നതിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് നേട്ടം അത് ബാങ്ക്-ടു-ബാങ്ക് ഇടപാട് ആക്കുന്നതാണ്. കടകളിൽ കാർഡ് നൽകുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ഇലക്‌ട്രോണിക് ആക്കി മാറ്റുക മാത്രമാണ്. അതായത് പണം എപ്പോഴും ഏതെങ്കിലും ഒരു ഔദ്യോഗിക ശൃംഖലയിൽ ആയിരിക്കും. ഉപയോക്താവും കടക്കാരനും അത് സ്വന്തം പക്കൽ വയ്‌ക്കുന്നില്ല എന്ന് ചുരുക്കി പറയാം. അതിൽ സുരക്ഷയും ഉണ്ട്.

ഇങ്ങനെ ചെയ്യുക വഴി സമ്പദ് വ്യവസ്ഥയുടെ കൃത്യമായ ചിത്രം, മെച്ചപ്പെട്ട നികുതിവരവ് ഒക്കെ ലഭിക്കും. സ്വന്തം കീശയിൽ അല്ലെങ്കിൽ വീട്ടിൽ കറൻസി ഇരുന്നാൽ അത് പണവ്യവസ്ഥയിൽ ചലിക്കുന്നില്ല. പണം ഔദ്യോഗിക ശ്രംഖലയിലൂടെ ഇലക്ട്രോണിക് ആയി വിനിമയം ചെയ്യാൻ ഉപാധികൾ ഇന്ന് ഇന്റർനെറ്റ് കാലത്ത് ഉണ്ട്. അത് ഇ-ബാങ്കിംഗ് ആയാലും കടകളിൽ കാർഡ് വഴി പണം നൽകുന്ന ഏർപ്പാട് ആയാലും മെച്ചപ്പെട്ട തരത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്ന് ഉപയോഗിച്ച് തുടങ്ങിയാൽ എ‌ടിഎം സാർവത്രികമായത് പോലെ കാർഡ് ഇടപാടും സജീവമാകും.

ഒരു പക്ഷെ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്ന കുറച്ചധികം വായനക്കാർ എങ്കിലും ഉണ്ടാകും. എന്നാൽ ഒന്നറിയുക ഇന്ത്യയിൽ എടിഎം വന്നപ്പോൾ, ഇ-കൊമേഴ്സ് വന്നപ്പോൾ ഒക്കെ ഇതെവിടെ വരെ പോകാൻ എന്ന് ശങ്കിച്ചവർ പുരികം വളച്ചവർ ഒക്കെ ഉണ്ടായിരുന്നു. പിന്നീട് എന്തായി എന്നത് ചരിത്രം.

സമീപ ഭാവികാലത്ത് തന്നെ കടകളിലെ ഇലക്‌ട്രോണിക് പണം പതിയെ കാർഡ് ഉപയോഗം വഴി വ്യാപകമാകും. മാസ എടിഎം ഉപയോഗം എണ്ണം 5‌+3 ആക്കി നിർത്താൻ എങ്കിലും കാർഡ് കടകളിൽ കൊടുത്ത് തുടങ്ങും, അത് അനായാസ പരിപാടി ആണെന്ന് ബോധ്യമാകുന്നതോടെ ഇപ്പോഴുള്ള പത്ത് ലക്ഷത്തോളം under utilised PoS Terminal ഉഷാറാകുമെന്ന് കണക്കാക്കുന്നു. ഇക്കഴിഞ്ഞ ജൂൺ അവസാനത്തെ കണക്ക് പ്രകാരം രാജ്യത്ത് 1.66 ലക്ഷം എടിഎം ഉള്ളപ്പോൾ കടകളിൽ 10.81 ലക്ഷം മെഷീനുകൾ ഉണ്ട്, ATM ൽ നടക്കുന്ന തോതിൽ തന്നെ വിനിമയം കടകളിലെ മെഷീനിൽ നടന്നാൽ തന്നെ കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മാറും.

കാർഡ് വഴി പണമിടപാട് നടത്തുന്നത് ശരിയായ തരത്തിൽ നിങ്ങൾ നികുതി കൊടുക്കുന്ന നികുതി സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കൽ കൂടിയാണന്ന് പറയേണ്ടതില്ലല്ലോ. ഒരു പക്ഷെ ഏതാനും വർഷം കഴിഞ്ഞ് ഇക്കാര്യം ഓർക്കുമ്പോൾ നിങ്ങൾക്ക് തന്നെ ചിരി വന്നേക്കാം, കാരണം ഇപ്പോൾ ആരും ബാങ്ക് ശാഖയിലേക്ക് പോയി ക്യൂ നിൽക്കാറില്ലല്ലോ. നമുക്ക് എടിഎം ഉണ്ട്. ഈ ശൈലീമാറ്റം -Behavioural Shift- സംഭവിച്ചത് പോലെ, എടിഎം ൽ നിന്ന് കാർഡ് പേയ്മെന്റ് എന്ന നിലയിലേക്ക് മാറിക്കോളും, അതിനുള്ള നിലമൊരുക്കൽ ആണ് ഈ കാർഡ് ഉപയോഗ നിയന്ത്രണം. ലളിതമായി പറഞ്ഞാൽ ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞ് വണക്കം എന്നത് എല്ലാ ഇത്തരം കാര്യങ്ങളിലും നമുക്ക് പതിവുള്ളതാണല്ലോ.

നിലവിലുള്ള 5:3 എന്ന എടിഎം നിയന്ത്രണം, 5(നേരത്തെ unlimited)+3(നേരത്തെ അഞ്ച്) എന്നത് 10:3 എന്നതിലേക്ക് മാറ്റാവുന്നതാണ്. അതായത് സ്വന്തം ബാങ്ക് എടിഎം 10 തവണ അന്യബാങ്ക് എടിഎം 3 തവണ എന്ന രീതി വന്നാൽ തത്കാലം പരാതിക്ക് ഇട കൊടുക്കാതെ മുന്നോട്ട് പോകാം. ഈ എണ്ണം ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ചില ബാങ്കുകൾ എടിഎം നിയന്ത്രണം വേണ്ട എന്ന് തന്നെ തീരുമാനിക്കുന്നത് അതാത് സ്ഥാപനത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യം. എന്തു തന്നെയായാലും കടകളിലെ കാർഡ് ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ എല്ലാ വ്യാപാരികളുടെ പക്കലും ഒന്നിൽ കൂടുതൽ കാർഡ് ഉപകരണം എത്തിക്കണം. ഗ്രാമങ്ങളിലേക്ക് വരെ ഈ കാർഡ് ഉപയോഗം വ്യാപകമാട്ടെ.

ഒരു കാര്യം കൂടി സൂചിപ്പിച്ച് കൊണ്ട് അവസാനിപ്പിക്കാം പരമാവധി പണകൈകാര്യം കാർഡ്/മൊബൈൽ ബാങ്കിംഗ്/നെറ്റ് വഴി ആയാൽ പിന്നെ അത്ര കുറച്ച് കറൻസി നോട്ടും അച്ചടിച്ചാൽ മതിയല്ലോ. പലവിദേശ രാജ്യങ്ങളിലും കാര്യമായ തോതിൽ തന്നെ പണം ഓൺലൈനിൽ ആയിക്കഴിഞ്ഞു. നമ്മളും ആ വഴിക്ക് തന്നെ, അത് ഒന്ന് ത്വരിതപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ള നിയന്ത്രണം ആയി കൂടി കാണാം ഇപ്പോഴുള്ള എ‌ടിഎം ഇടപാട് പരിമിതപ്പെടുത്തൽ.

വിരാമതിലകം: ആദ്യം നെല്ലിയ്‌ക്ക കയ്‌ക്കും, പിന്നെ മധുരിക്കും

വിവരത്തിന് കടപ്പാട് : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ലോകബാങ്ക്, ദി മിന്റ് ദിനപത്രം

(ഈ ലേഖനത്തിന്റെ കരട് രൂപം ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടിരുന്നതാണ്, ഒന്ന് എന്ന് എഡിറ്റ് ചെയ്‌ത് ഈ ബ്ലോഗ് പോസ്റ്റിന്റെ രീതിയിൽ ആക്കിയത് ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി ആയിരുന്നു) 

Wednesday, November 19, 2014

ഓൺലൈൻ പീടികകളെ ഭയക്കുന്നതാരൊക്കെ?വ്യാപാരം വിശ്വവ്യാപന വലയിലാകുമ്പോൾ

ഇന്റർനെറ്റ് കടന്ന് വന്നതിന്റെ മാറ്റം നാം ഇന്ന് എല്ലാ മേഖലയിലും കാണുന്നുചിലതിൽ വിപ്ലവകരമെന്ന് പറയാവുന്ന മാറ്റം ഉണ്ടാക്കുന്നു മറ്റ് ചിലവയെ പൂർണമായി തുടച്ച് മാറ്റി പുതിയ വിനിമയ അന്തരീക്ഷം അല്ലെങ്കിൽ രീതികൾ ഒക്കെ സൃഷ്ടിച്ചെടുക്കുന്നുജനാധിപത്യം ഉള്ളയിടങ്ങളിൽ അതിനെ കൂടുതൽ ആഴത്തിലും പരപ്പിലും സുതാര്യമായി സമീപിക്കാനുംസേച്ഛാധിപത്യം കൊടികുത്തി വാഴുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യ വായുവിന്റെ കടന്നുവരവിനുമൊക്കെ ഇന്റർനെറ്റ് കാരണഭൂതമാകുന്നു എന്നതിന് പല ഉദാഹരണങ്ങൾ നിരത്താനാകുംഒരു മേഖലയ്‌ക്കും ഇന്ന് ഇന്റർനെറ്റ് പ്രഭാവത്തിൽ നിന്ന് മാറി നിൽക്കാനാകില്ല എന്ന സ്ഥിതിയാണന്നതാണ് സത്യംഎന്തിനധികം പറയുന്നു ഇന്റർനെറ്റിനെ എതിർക്കുന്നവർക്ക് പോലും ഫേസ്ബുക്ക്/ട്വിറ്റർ അക്കൗണ്ടിൽ ഇല്ലെങ്കിൽ തങ്ങൾക്ക് പറയാനുള്ളത് പരമാവധി പേരിലേക്ക് എത്തിക്കാൻ പറ്റാത്ത അവസ്ഥഈ ഘട്ടത്തിലാണ് പൊതുവേ സംഘടിതമായവിവിധ അടരുകളിൽ വിരാജിക്കുന്ന ചില്ലറവില്പന ശാലകളിലേക്ക് വെല്ലുവിളിയുമായി ഓൺലൈൻ സൂപ്പർ മാർക്കറ്റുകൾ എത്തുന്നത്.ആദ്യമൊക്കെ ഇതിനെ പ്രബലമായ വ്യാപാര സമൂഹവും അവരുടെ സംഘടനകളും ശ്രദ്ധിച്ചിരുന്നില്ലന്നതാണ് സത്യംഇവർ എവിടെ വരെ പോകാൻ മെട്രോകളിൽ പരമാവധി പോയാൽ നഗരത്തിലെ സൈബർ യുവത്വത്തിൽ വരെയാകും ഇ-കടകളുടെ വ്യാപനംഅതും പുസ്‌തകംമ്യൂസിക്പിന്നെ പരമാവധി പോയാൽ ചില്ലറ കൺസ്യൂമർ ഇലക്ട്രോണിക്സ് സാധനങ്ങൾ അങ്ങനെ ആയിരുന്നിരിക്കണം പരമ്പരാഗത വിപണിയാശാമാരുടെ കണക്കുകൂട്ടൽപക്ഷെ ഈയടുത്ത മാസങ്ങളിലെ കണക്കുകൾ പരമ്പരാഗത വിപണിയെ ആശ്ചര്യപ്പെടുത്തുന്നതാണ്ഏറ്റവും കൂടുതൽ വില്പന നടന്നിരുന്ന ഉത്സവ കാലത്ത് പഴയപോലെ ഉപഭോക്താക്കൾ അടുപ്പം കാണിക്കുന്നില്ലഅവസാനം വ്യാപാര സംഘടനകൾ സർക്കാരിലേക്കും മറ്റ് നിയന്ത്രണാധികാരികളിലേക്കും പരാതിയുമായി സമീപിക്കുന്ന അവസ്ഥയിൽ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു.

പിണക്കം എവിടെ നിന്ന്
ചില്ലറ വില്പന മേഖലയിലെ സംഘടനകൾ കാലങ്ങളായി ശക്തമാണ്രാജ്യമെമ്പാടും ഏകദേശം ആറ് ലക്ഷത്തോളം ഇടത്തരം വില്പനശാലകൾ ഇന്ന് ഉണ്ട്ഉത്പന്നത്തിന്റെ പുറം കൂടിലെ എംആർപി ആണ് പിണക്കത്തിന്റെ മൂലകാരണംപരമാവധി ചില്ലറ വില എന്നാണ് ഇതിനർത്ഥംനേരത്തെ നികുതികൾ പുറമെ എന്നെഴുതിയിരുന്നത് പലതർക്കത്തിനും കോടതി വ്യവഹാരങ്ങൾക്കുമൊക്കെ വഴിവെച്ചിരുന്നെങ്കിൽ ഇന്ന് അത് എം ആർ പി യിൽ ആക്കിയതിനാൽ ഏതാണ്ട് പരിഹൃതമായിഅവിടെ തീരുന്നില്ല കാര്യങ്ങൾനികുതി പിരിവുമായി ബന്ധപ്പെട്ട് വാണിജ്യനികുതി വകുപ്പുമായുള്ള തർക്കവും ഉരസലും ഒക്കെ പലവട്ടം വാർത്തയിലും വർത്താമാനത്തിലും ഇടം പിടിച്ചിട്ടുണ്ട്പരമാവധി ചില്ലറ വിലയിൽ നിന്ന് കുറച്ച് കൊടുക്കുന്നത് ആണല്ലോ ഇപ്പോഴത്തെ ഓൺലൈൻ കടകളുമായുള്ള പിണക്ക വിഷയംഅങ്ങനെ കുറച്ച് കൊടുക്കൽ എവിടെ വരെയാകാം എന്നതിലാണ് മുഖ്യ തർക്കംപക്ഷെ പരമാവധി വിലയ്‌ക്ക് മേലേ ആയാൽ മാത്രമേ തർക്കത്തിലും നിയമലംഘനത്തിലും എത്തുന്നുള്ളൂ എന്ന് എതിർവാദമാണ് യുക്തിഭദ്രംഎ‌ന്ന് വച്ചാൽ എംആർപി ക്ക് താഴെ വിൽക്കുന്നത് കേസെടുക്കാനുള്ള വകുപ്പ് ആകുന്നില്ല.

ഈ വിലകുറച്ച് വിൽക്കൽ ഓൺലൈൻ സ്റ്റോറുകൾ അല്ല ഇന്ത്യയിൽ ആരംഭിച്ചതെന്നാണ് ചരിത്ര വസ്‌തുതഎൺപതുകളുടെ അവസാനം തന്നെ സൂപ്പർ മാർക്കറ്റുകൾ കേരളത്തിലടക്കം ചെറുതും വലുതുമായ പട്ടണങ്ങളിൽ വന്നുപിന്നീട് ബിഗ്‌ ബസാർറിലയൻസ് ഫ്രഷ് പോലെയുള്ള വൻകിട റീട്ടെയിൽ ശൃംഖലകളുംഒരുമിച്ച് തന്നെ സംഭരിക്കുന്നതിനാലും വലിയ വിപുലമായ തോതിൽ കച്ചവടാനുബന്ധ സൗകര്യം ഒരുക്കുന്നതിനാലും ഇവർക്ക് എം ആർ പി യെക്കാൾ വില കുറച്ച് കൊടുക്കാനായിഒ‌പ്പം തന്നെ ഷോപ്പിംഗ് എന്നത് ഒരു അനുഭവം എന്ന മട്ടിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചുസാധാരണ പല‌വ്യഞ്ജനക്കടയിലേക്ക് വീട്ടിലെ കുട്ടികളെയോ വേലക്കാരെയോ ഒക്കെ വിട്ടിരുന്നവർ ഈ റീട്ടെയിൽ ശൃംഖലകൾ നാട്ടിലെത്തിയതോടെ ഷോപ്പിംഗ് എന്നത് പരസ്പരം കാണുന്ന ഒരു ഒത്തുചേരൽ ഇടമായി കണ്ടുമോടിയോടെ തന്നെ സാധനം വാങ്ങാൻ പോകുന്ന നിലയും എത്തിആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങിച്ച് കൂട്ടുകയും ചെയ്യുന്നു.

ഇതിനു സമാന്തരമായി തന്നെ കേരളത്തിൽ ത്രിവേണിസപ്ലെകോ ബസാർനീതികൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒക്കെ നിലവിൽ വന്നുസ്വഭാവികമായി ഇവരും എം ആർ പി യിൽ നിന്ന് വില കുറച്ച് കൊടുക്കാൻ ആരംഭിച്ചുഇതൊക്കെ സംഘടിത വ്യാപാര സംഘടനകൾ ഏതാനും ചില ബ്രാൻഡുകളെ വിലക്കുന്ന ഘട്ടം വരെ എത്തി.സർക്കാർ സഹായം കിട്ടുന്ന വില്പനശാലകൾക്ക് വിലകുറയ്‌ക്കാൻ സംഭരണക്കരുത്തു മാത്രമല്ലല്ലോ ഉള്ളത്എല്ലാറ്റിലും ഉപരിയായി വിപണിയിൽ ഇടപെടാനുള്ള സർക്കാരിന്റെ ധാർമികമായ ബാദ്ധ്യതയും നിറവേറ്റുന്നുചുരുക്കത്തിൽ പരാമാവധി ചില്ലറ വില്പന വിലയിൽ തൊട്ടുള്ള കളി പിണക്കത്തിലാകും വ്യാപാരികളെ കൊണ്ട് ചെന്നെത്തിക്കുന്നത്,അവരുടെ ഭാഗത്ത് നിന്ന് നോക്കിയാൽ അതിൽ യുക്തി ഉണ്ട്എന്നാൽ മറ്റ് സ്റ്റേക്ക് ഹോൾ‌ഡർമാരായ ഉപയോക്താക്കൾനികുതിപിരിക്കുന്ന സർക്കാർഉത്പാദിപ്പിക്കുന്ന നിർമാതാക്കൾ ഇവർക്കൊക്കെ ഈ വിലക്കുറയ്‌ക്കൽ തന്ത്രത്തിൽ യാതൊരു പരാതികളും ഇല്ല എന്ന് മാത്രമല്ല സന്തോഷവും ഉണ്ട്ഒരു സമയത്ത് നാട്ടിലെ ചെറുകിട കച്ചവടക്കാർ വൻകിട ചില്ലറ വില്പന ശൃംഖലകളോട് പിണങ്ങിയിരുന്നെങ്കിൽ ഇന്ന് ഇതേ ബിഗ് ബസാറുകൾ പരിഭവപ്പെടുന്നത് ഓൺലൈൻ ബസാറുകളുടെ വിലയിടവ് തന്ത്രങ്ങളോടാണെന്നത് വർത്തമാന കാല അനുഭവം.

-കൊമേഴ്‌സിലേക്ക്
തപാൽ വഴി (VPP മാർഗംഉത്പന്നം പരിമിതമായെങ്കിലും വാങ്ങിയിരുന്നത് ഇന്റർനെറ്റ് പൂർവ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു സൗകര്യമായിരുന്നല്ലോഇരുവശത്തേക്കും ലളിതമായി സംവേദനം നടത്താവുന്ന ഇന്റർനെറ്റിന്റെ വരവോടെ ഈ വിപിപി ഇന്ന് കാഷ് ഓൺ ഡെലിവറി (CoDയിലേക്ക് ക്രമാനുഗതമായി വഴിമാറുക അല്ലേ.ഇന്റർനെറ്റാനന്തര കാലഘട്ടത്തിൽ വിപുലമായ തരത്തിൽ വെബ്‌സൈറ്റുകൾ മാറ്റപ്പെട്ടുഇന്ററാക്‌ടീവ് ആയ സമ്പർക്ക മുഖങ്ങൾ വിവരവിനിമയ സ്‌ക്രീനിനെ കാര്യമായി മാറ്റി മറിച്ചുഉപഭോക്തൃ സൗഹൃദമായ തരത്തിൽ വെബ്‌ പീടികകൾ പരസ്പരം മത്സരിക്കുന്നുഇന്ത്യയിലെ ഏറ്റവും വലിയ ഇ-വ്യാപാരശാലയായ ഫ്ലിപ്പ്കാർട്ടിൽ 70 ലധികം വിഭാഗങ്ങളിലായികോടി ഉത്‌പന്നങ്ങൾ ഉണ്ട്ഒരു മാസം 50 ലക്ഷം എണ്ണം വില്പന നടക്കുന്നു. 14,000 പേരാണ് പല തട്ടുകളിലായി പണിയെടുത്ത് ഉത്പന്നങ്ങളെ രാജ്യത്തുടനീളം എത്തിക്കുന്നത്.

സാധാരണ നഗര പ്രദേശത്തെ കടകളിൽ പലതിൽ കയറിയിറങ്ങിയാൽ പോലും നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്പന്നം കിട്ടണമെന്നില്ലഅഥവാ ഉണ്ടെങ്കിൽ തന്നെ അതിനെ പറ്റി ശരിയായ ഉത്പന്ന വിവരണം ലഭിച്ച് കൊള്ളണമെന്നില്ലല്ലോഎന്നാൽ ഇന്റർനെറ്റ് മാർക്കറ്റ് പ്ലേസിന്റെ ശക്തി അതിന്റെ ഉത്പന്ന റിവ്യൂ തന്നെയാണ്ഒരു പക്ഷെ ഉപയോക്താവ് മറ്റൊരു ബ്രൗസർ ജാലകം തുറന്നിട്ടാകും റിവ്യൂ ബ്ലോഗുകൾ പരതുന്നത്ഉപയോക്താവാണ് വിപണിയിലെ രാജാവ് എന്ന പഴമൊഴി ശരിവയ്‌ക്കുന്നതാണ് ഇന്ന് മത്സരിച്ച് വരുന്ന ആം ആദ്മി യൂസർ റിവ്യൂകൾമിക്ക സൈറ്റുകളും ഉത്പന്ന പട്ടികയുടെ തൊട്ട് താഴെ തന്നെ ഇതിനുള്ള അവസരമൊരുക്കുന്നുഇവിടെ പരസ്പരം ഒത്ത് ചേർന്ന് കളിക്കാനു‌ള്ള സാധ്യത തുലോം വിരളമാണ്കാരണം അന്തിമമായി ഗുണനിലവാരമുള്ള വില്പന ഉണ്ടാകണമെങ്കിൽ ഇവിടെ മാർക്കറ്റ് പ്ലേസ് നിർമമത പാലിച്ചേ മതിയാകൂഇല്ലെങ്കിൽ അടുത്ത തവണ ഇതേ ഉപയോക്താവ് ആ സൈറ്റിലേക്ക് ക്ലിക്ക് ചെയ്യുകയുണ്ടാവില്ലഎത്ര‌യോ ഉത്പ‌ന്നങ്ങൾക്ക് താഴെ മോശം നിലവാരമെന്ന് സൂചിപ്പിക്കുന്ന റേറ്റിങ്ങ് കാണുന്നത് തന്നെ ഈ നിരീക്ഷണത്തിന് അടിവരയിടുന്നു.പുസ്‌തക കച്ചവടത്തിൽ നാമമാത്രമായ സാന്നിദ്ധ്യമറിയിച്ച് തുടങ്ങിയ ഇ-വിപണി നിലവിൽ ഏതാണ്ടെല്ലാ വില്പനയിലേക്കും വല വിരിച്ചുകഴിഞ്ഞുവിലക്കുറവും വൈവിധ്യപൂർണമായ ഉത്‌പന്ന നിരയും കൊണ്ട് ഇലക്‌ട്രോണിക് മാർക്കറ്റ് പ്ലെയ്സ് ഇന്ന് ഉപയോക്താക്കൾക്ക് ആദായകരമായ വാങ്ങൽ അനുഭവം ഒരുക്കുന്നുആ‌ദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞ് വണക്കം എന്നതാണല്ലോ നമ്മുടെ നാട്ട് നട‌പ്പ്അത് ഇക്കാര്യത്തിലും തെറ്റിക്കുന്നില്ല എന്ന് വ്യാപാരസംഘടനകളുടെ അടക്കം പലകോണുകളിൽ നിന്ന് ഉയരുന്ന എതിർപ്പ് ഇതിന് അടിവരയിടുന്നുമറുവശത്ത് ഉപയോക്താക്കൾ റോക്കറ്റ് പോലെ കുതിച്ചുയരുന്നുഒപ്പം വില്പനക്കണക്കുകളുംആമസോൺഫ്ലിപ്ക്കാർട്ട്,ഹോംഷോപ്പ് 18, സ്‌നാപ്പ്ഡീൽ അങ്ങനെ പ്രബലമായ പല ഇ-കടകളും ഇന്ന് നമുക്കിടയിൽ നിത്യപരിചിത വ്യാപാര നാമങ്ങളായി മാറിക്കഴിഞ്ഞു.

നികുതി നഷ്ടം?
ഇ കൊമേഴ്‌സിനോട് സാധാരണ വ്യാപാരികൾ ഉയർത്തുന്ന വാദം ഖജനാവിന് നികുതി നഷ്ടം ഉണ്ടാക്കുന്നു എന്നതാണ്എന്നാൽ ഇതിൽ ഒരു ചെറിയ പ്രശ്‌നം ഇല്ലാതില്ലകാരണം നികുതി എന്നത് ഒരു വസ്‌തുവിന്റെ ഉടമസ്ഥാവകാശം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ കൈമാറേണ്ടി വരുന്ന തുകയുടെ മുകളിൽ അതാത് സർക്കാരുകൾ ചുമത്തുന്ന അധിക തുകയാണ്കടക്കാരൻ ഉപയോക്താവിലേക്ക് സാധനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതാണല്ലോ കച്ചവടംഇങ്ങനെ സംഭവിക്കുമ്പോൾ രണ്ടാളും നിൽക്കുന്നത് ഭൂമിശാസ്‌ത്രപരമായി ഒരു സംസ്ഥാനത്തിനകത്താകും അതിനാൽ തന്നെ നികുതി ആ സംസ്ഥാനത്തിന് ബാധകമായത് നൽകുകയും വേണംഎന്നാൽ ഇലക്‌ട്രോണിക് ഇടപാടുകളായ മാർക്കറ്റ് പ്ലേസ് വഴി സാധനം വാങ്ങുമ്പോൾ നികുതി ബാധകമായ വില്പനശാല ഒരു സംസ്ഥാനത്തും വാങ്ങുന്ന ആൾ മറ്റൊരു സംസ്ഥാനത്തുമാണ്.വിൽക്കുന്ന സ്ഥലത്തെ നികുതിയാണ് നിലവിലെ നിയമം അനുസരിച്ച് പ്രാബല്യംഇത് വാങ്ങുന്ന ആളിന്റെവിശേഷിച്ചും കാര്യമായി ഒന്നും ഉത്പാദിപ്പിക്കാത്ത അല്ലെങ്കിൽ ഇ-കൊമേഴ്‌സ് സ്ഥാപനസാന്നിദ്ധ്യമില്ലാത്ത കേരളം പോലെയുള്ള സംസ്ഥാനത്ത് നിന്ന് നോക്കുമ്പോൾ നികുതിവരുമാനം ഇടിയുന്നു എന്ന തോന്നൽ സ്വാഭാവികംകമ്പനികളെ സംബന്ധിച്ചിടത്തോളം അവർ അതാത് സംസ്ഥാനത്ത് ബാധകമായ നികുതി അടയ്‌ക്കുന്നുണ്ടങ്കിൽ തെറ്റൊന്നും ചെയ്യുന്നുമില്ല.

ഈ നികുതി തർക്ക വ്യത്യാസത്തിനു ഒരു പക്ഷെ അറുതി വരുത്താൻ ചരക്ക് സേവന നികുതി (GSTകൊണ്ട് സാധിക്കുംനിലവിലെ കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള വിഷയവുമാണ്ഉത്ഭവ സ്ഥാനത്തിന് പകരം ഉപയോഗം നടക്കുന്നിയിടത്തിന് പ്രാധാന്യം കൈവരുന്ന നികുതി ഘടനഒരു പക്ഷെ ഇത് നല്ല രീതിയിൽ നടപ്പായാൽ ഇപ്പോഴത്തെ ആരോപണമായ നികുതി ഇടിവിന് ശ്വാശ്വതമായ പരിഹാരമാകുംഅ‌പ്പോൾ ഒരു പക്ഷെ ഇ-കൊമേഴ്‌സ് വർധിപ്പിക്കുന്നതാകും സംസ്ഥാന സർക്കാരിന്റെ അടക്കം അജ‌ണ്ടഇതിനു പിന്നിൽ വ്യക്തമായ ഒരു കാരണം സർക്കാർ നികുതി വകുപ്പിനുണ്ടാകുംഅത് മറ്റൊന്നുമല്ലഎത്ര രൂപയുടെ ക‌ച്ചവടം ആണ് നടക്കുന്നതെന്ന് നോക്കാൻ പലവിധമാർഗങ്ങൾ എളുപ്പത്തിൽ അവലംബിക്കാംകാരണം ഉപയോക്താവ് പണം നൽകുന്നത് ഇ-ബാങ്കിംഗ്,ക്രെഡിറ്റ്,ഡെബിറ്റ് കാർഡ്,എം പെസാ,സ്‌മാർട്ട് വാലറ്റ്സിഓഡി ഇങ്ങനെ ഏതെങ്കിലും ഒരു മാധ്യമം ഉപയോഗിച്ചാകും അതാകട്ടെ ഒരു മൂന്നാം പാർട്ടി (ബാങ്ക്/ഇപേയ്‌മെന്റ് സേവന ദാതാക്കൾ..) യെ ആശ്രയിച്ചാണിരിക്കുന്നത് അത്കൊണ്ട് നികതി എത്രയെന്ന് തിട്ടപ്പെടുത്താൻ റെയ്‌ഡ് ആവശ്യമുള്ള പക്ഷം വ്യാപാരിയുടെ അനുമതി പോലും ആവശ്യമുള്ള കാര്യം ആകുന്നില്ലപണം മുഴുവൻ ബാങ്കിൽ നിന്ന് ബാങ്കിലേക്ക് അല്ലെങ്കിൽ ഒരു സേവനദാതാവിൽ നിന്ന് മറ്റൊരു സേവനദാതാവിലേക്ക് കടലാസ് പണമല്ലാതെ കൈമാറുന്ന രീതി വ്യാപകമാകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കും കരുത്തു പകരുന്നതാണ്ഇതൊക്കെ എങ്ങനെ നടക്കും എന്നാണ് ആശ്ചര്യപ്പെടുന്നതെങ്കിൽ എ‌ടിഎം വന്നപ്പോഴും ഈ ആശ‌ങ്ക ഉണ്ടായിരുന്നു എന്നതാണ് വാസ്‌തവംഇ‌പ്പോൾ ജൻ ധൻ യോജന കൂടി വന്നപ്പോൾ സമ്പൂർണ ബാങ്കിംഗിലേക്ക് നമ്മൾ നടന്നടുക്കുന്നുഎല്ലാവർക്കും റുപ്പെ എടിഎം കാർഡ് കൊടുക്കുന്ന തീവൃയത്നത്തിലാണ് നാടൊട്ടുക്കുള്ള ബാങ്കുകൾകേരളമാകും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സാക്ഷരതയുള്ള ആദ്യ സംസ്ഥാനം എന്ന് വാർത്തകൾ വന്ന് കഴിഞ്ഞുഅതിന്റെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെപണവിനിമയത്തിന് ഇലക്ട്രോണിക് മാർഗങ്ങൾ പക്വമായി എന്ന് സൂചിപ്പിക്കുന്നുവെന്ന് മാത്രം.

ആമസോൺഫ്ലിപ്ക്കാർട്ട് പോലെയുള്ള ഇ-മാർക്കറ്റ് വഴി വാങ്ങുന്ന ഉത്പന്നങ്ങൾക്ക് ഗ്യാരണ്ടി ഉണ്ടാകില്ല എന്നതാണ് മറ്റൊരു വാദംഗ്യാരണ്ടിയോടെ മറ്റ് മാർക്കറ്റിൽ കിട്ടുന്ന ഉത്പന്നമാണങ്കിൽ അതിന്റെ വിപണനം ഇലക്ട്രോണിക് മാർഗത്തിലൂടെ ആയാൽ എങ്ങനെയാണ് ഗ്യാരണ്ടി നിരാകരിക്കാനാവുകഉത്പന്നത്തിനൊപ്പം നൽകുന്ന ബില്ലിൽ വ്യക്താമായി തന്നെ നികുതി പിരിവുകളുംഗ്യാരണ്ടിവിവരവും രേഖപ്പെടുത്തി നൽകണമെന്ന വ്യവസ്ഥ സാധാരണകടകളെയെന്ന പോലെ ഇ-കടകളും പാലിച്ചേ പറ്റൂഅങ്ങനെ ചെയ്യുന്നുണ്ടന്ന് അവർ അവകാശപ്പെടുന്നതിന്റെ നിജസ്ഥിതിഒരോ തവണയും ഇലക്ട്രോണിക് ഷോപ്പിംഗ് നടത്തിയ ശേഷമു‌ള്ള ബില്ലിൽ നിന്ന് നമുക്ക് ബോധ്യപ്പെടാവുന്നതേയുള്ളൂഅതിൽ തർക്കമുണ്ടങ്കിൽ തർക്കപരിഹാര ഫോറങ്ങളെ സമീപിക്കാൻ ഇതേ വെബ്സൈറ്റുകൾ അനുവദിക്കുകയും വേണം അതാണ് നിയമവും നാട്ട് നടപ്പും.

പണക്കൈമാറ്റം എങ്ങനെ വിശ്വസിച്ച് ഈ ഇന്റർനെറ്റിൽ ചെയ്യാനാകും എന്ന് ഒരു വശത്ത് പറയുന്നവർ തന്നെയാണ് റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനും-ബാങ്കിംഗ് ചെയ്യാനും,ക്രെഡിറ്റ് കാർഡ് തുക മുതൽ പലവിധ സേവനങ്ങൾക്കുള്ള പണമടവിനും ഒക്കെ ഇപ്പോൾ തന്നെ ഇന്റർനെറ്റ് അടിസ്ഥാനത്തിലോ അല്ലെങ്കിൽ മൊബൈൽ പെയ്‌മെന്റിനെയോ ആശ്രയിച്ച് വരുന്നത് എന്നത് മറ്റൊരു കാര്യം.

-വിപണി ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു
ഇന്ത്യയിൽ 32000 ശതകോടി രൂപയുടെ മൊത്തം ചില്ലറ വ്യാപാര വിപണിയിൽ വെറും 250ശതകോടി രൂപ മാത്രമാണ് ലഭ്യമായ പുതിയകണക്ക് പ്രകാരം ഇ-വിപണി സാന്നിദ്ധ്യം.എന്നാൽ ഇത് സാമാന്യം നല്ല വളർച്ചാ നിരക്ക് കാണിക്കുന്നു എന്നതും സ്‌മാർട്ട് ഫോൺത്രി ജിബ്രോഡ്ബാൻഡ്വൈഫൈ സോണുകൾ എന്നിവ കാര്യമായി എല്ലാരിലേക്കും വ്യാപിച്ചെത്തുന്നു എന്നതും കൂട്ടിവായിച്ചാൽ കണക്ക് ഇവിടെ നിൽക്കില്ല എന്ന് ബോധ്യമാകുംനിലവിൽ 24.5 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ രാജ്യത്തുണ്ട്ഇതിൽ കോടി പേർ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ പതിവായെത്തുന്നുനമ്മുടെ നാട്ടിലെ ആമസോൺ ആയ ഫ്ലിപ്പ്കാർട്ടിൽ മാത്രം ദിനേന 60 ലക്ഷം പേരെത്തുന്നു എന്ന് പറയുമ്പോൾ വിപണിയുടെ വലിപ്പവും മുന്നോട്ടുള്ള കുതിപ്പും വ്യക്തമാകുംനിലവിൽ എല്ലായിടത്തും ഉത്പന്ന വിതരണം നടക്കുന്നില്ലസാങ്കേതിക വിപണി ഭാഷയിൽ പറഞ്ഞാൽ ലാസ്റ്റ് മൈൽ പ്രശ്‌നങ്ങൾ.

ഇ‌ന്ന് ഇ-കൊമേഴ്‌സ് ഇനത്തിൽ നല്ലൊരു പങ്ക് യാത്രാധിഷ്ഠിത സേവനങ്ങൾ ആണ്ഇതിന്റെ കാര്യത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം അന്നുയർന്നിരുന്നുഇ‌ന്ന് എതാണ്ടെല്ലാ വിമാന ടിക്കറ്റ് ബുക്കിങ്ങും അതാത് വിമാനകമ്പനിയുടെ സൈറ്റിലോ അല്ലെങ്കിൽ ട്രാവൽ സൈറ്റുകളിലോ ചെന്ന് യാത്രികർ തന്നെ നടത്തുന്നുഒപ്പമുള്ള ഹോട്ടൽ ബുക്കിങ്ങും അങ്ങനെ തന്നെനാടായ നാടെല്ലാം ഉണ്ടായിരുന്ന വിവാഹബ്രോക്കർമാർക്കും ഇന്റർനെറ്റ് ചെറുതല്ലാത്ത പണി ആണല്ലോ കൊടുത്തത് ഇന്ന് മാട്രിമണി വെബ്‌സൈറ്റുകളിൽ നിന്ന് വിവരം തേടി വിവാഹാലോചന നടത്തുന്ന തരത്തിലെ അപ്‌ഗ്രഡേഷൻ അവർക്കും സംഭവിച്ച് കഴിഞ്ഞു !

പല‌വ്യഞ്ജനസാധനങ്ങൾ ആണ് ഇന്ത്യയിലെ ചില്ലറ വില്പനയുടെ 67 ശതമാനം വരെ കയ്യാളുന്നത്ഇവിടെ നിലവിൽ ലോക്കൽ ബൻയാഏക്‌സ്റ്റോപ്പ്ബിഗ് ബാസ്‌കറ്റ് എന്നീ ഇ ടെയിൽ സംരംഭങ്ങൾ റീ‌ട്ടെയിൽ ഷോപ്പുകൾക്ക് കാര്യമായ വെല്ലുവിളി സൂചന ഉയർത്തിയതിനെ തുടർന്നാകണം മടിച്ച് നിന്നിരുന്ന ചില്ലറ വില്പന ശൃംഖലകൾ ഇപ്പോൾ ഇ-കൊമേഴ്‌സ് ചാനലുകളും ആരംഭിച്ച് വിപണി മേധാവിത്വം നിലനിർത്താൻ പുറപ്പെട്ട് കഴിഞ്ഞു.

ബിഗ് ബില്യൺ ഡേ യും ഡിജിറ്റൽ ട്രാഫിക്കും
ഫ്ലിപ്പ്കാർട്ട് ഈ വർഷം ഒക്ടോബർ ആദ്യം നടത്തിയ ശതകോടി ദിന വില്പനമേളയാണ് വ്യാപകമായ വാർത്ത ഉണ്ടാക്കിയത്ഉപയോക്താക്കളുടെ തിരക്ക് താങ്ങാനാകാതെ പലവട്ടം വെബ്സൈറ്റ് സംവിധാനം തകരാറിലായിഫ്ലിപ്പ് കാർട്ട് സ്ഥാപകർ തന്നെ ഉപയോക്താക്കൾക്ക് അയച്ച ക്ഷമാപണ ഇ-മെയിൽ സന്ദേശത്തിൽ പിഴവ് സമ്മതിക്കുന്നുമുണ്ട്എന്നാൽ ഈ ഡിജിറ്റർ ട്രാഫിക് കുരുക്ക് ആദ്യമാണോവിലക്കുറവ് അല്ലെങ്കിൽ ആദായ വില്പന എന്ന് എവിടെ ബോർഡ് വച്ചാലും അവിടെല്ലാം ജനത്തിരക്ക് എന്നത് നമ്മുടെ നാട്ടിലെന്നല്ല വിദേശങ്ങളിലടക്കം ആളുകളുടെ തള്ളിച്ച ഉണ്ടാക്കുന്ന കാര്യമാണ്.

ഇ‌ന്ത്യൻ ചില്ലറ വില്പനയുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകുംഉത്സവ/ആഘോഷ സമയങ്ങളിലാണ് വിലക്കിഴിവ് മഹാമഹം നടക്കുന്നത്ലഭ്യമായ കണക്കുകൾ പ്രകാരം ചെറുകിട വില്പന ശാലകളിൽ വരെ മൊത്തം വാർഷിക വിറ്റുവരവിന്റെ നല്ലൊരു പങ്ക് ഉത്സവപൂർവ കച്ചവടമാണ്കേരളത്തിൽ ഓണംപെരുന്നാൾക്രിസ്മസ് എന്നിവയോടനുബന്ധിച്ച് കമ്പോളത്തിലെ തിരക്കും പത്രമാസികകളിലെ പരസ്യ കോലാഹലവും ഒക്കെ ഓർക്കുകഅതൊക്കെ നഗര ഗതാഗതത്തിൽ കുരുക്കും ഉണ്ടാന്നുമെന്നത് അനുഭവ പാഠംബിഗ് ബസാറിന്റെ സ്ഥാപകൻ കിഷോർ ബിയാനി എഴുതിയ 'It Happend in India' എ‌ന്ന കൃതിയിൽ ഇത് മറ്റൊരു തരത്തിൽ ചിന്തോദ്ദീപകമായി അദ്ദേഹം വിവരിക്കുന്നുണ്ട്ഒരു അവധിദിനത്തിന് രാജ്യവ്യാപകമായുള്ള ബിഗ് ബസാർ ശൃംഖലയിൽ എം ആർ പി യിലും വളരെ കുറച്ച് വില്പന നടത്തുന്നുവെന്ന് പരസ്യം ചെയ്‌തുകിഷോർ ബിയാനിയുടെ വാക്കുകളിൽ പറഞ്ഞാൽ Rock Bottom Prices. പിറ്റേന്ന് രാവിലെ തന്നെ കൊൽക്കത്ത മുതൽ ബംഗളരു വരെയുള്ള കടകളിൽ നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടം.പലകടകളിലും ഷട്ടർ താഴേത്തേണ്ടി വന്നുവാഹനത്തിരക്കിൽ നഗരം ഞെങ്ങി ഞെരുങ്ങിയെന്ന് പത്രവാർത്തകൾബംഗളരുവിൽ പൊലിസ് തന്നെ ഏകപക്ഷീയമായി വില്പന മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുന്നു എന്ന് മൈക്കിലൂടെ പ്രഖ്യാപിക്കേണ്ടി വന്നുഅതിനു ശേഷം വൻ വിലക്കിഴിവ് പരസ്യങ്ങൾ പൊലിസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ട് മാത്രമേ നൽകാവൂ എന്ന് നിഷ്‌കർഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു.

ഈ തിക്കിന്റെയും തിരക്കിന്റെയും ഓൺലൈൻ വകഭേദമാണ് ഫ്ലിപ്പ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ യിൽ ഡിജിറ്റൽ സൂപ്പർ ഹൈവേയിൽ ന‌മ്മൾ കണ്ടതുംസാധാരണ റോഡ് ട്രാഫിക്കിൽ താങ്ങാനാവുന്ന വാഹനങ്ങൾക്ക് ഒരു പരിധി ഉണ്ട് എന്നത് പോലെ തന്നെ ഒരു വെബ്സൈറ്റിനും താങ്ങാനാവുന്ന സന്ദർശകരുടെ എണ്ണം ഊഹിച്ചതിനുമപ്പുറമായിരുന്നു.ഇത് കൂടാതെ വിലമാറ്റംഉത്പ‌ന്നം വിറ്റ് തീർന്ന് പോയ അവസ്ഥകാൻസലേഷൻ അങ്ങനെ പലവിധ കുരുക്കുകൾ ആ നിർണായക ദിനം ഫ്ലിപ്പ്ക്കാർട്ടിനെ കാത്തിരുപ്പുണ്ടായിരുന്നു.അവസാനം ഇതിന്റെ സ്ഥാപകരായ സച്ചിൻ ബൻസാൽ ബിന്നി ബൻസാൽ എന്നിവർ എല്ലാ ഉപയോക്താക്കൾക്കും ക്ഷമാപണ സന്ദേശം നൽകി. 5000 സെർവറുകൾ സജ്ജമാക്കി സാധാരണയിൽ നിന്നും ഇരുപതിരട്ടി ഉപഭോക്താക്കൾക്ക് സേവനം കൊടുക്കാൻ സാധിക്കുന്ന തരത്തിൽ സാങ്കേതിക സംവിധാനം ക്രമപ്പെടുത്തി എങ്കിലും കാര്യങ്ങൾ കൈവിട്ട് പോയെന്ന് സമ്മതിക്കേണ്ടി വന്നു.

-കൊമേഴ്‌സ് വളഞ്ഞ വഴിയിലെ വിദേശനിക്ഷേപ വാതായനങ്ങളാവുകയാണോ
ഇന്ത്യയിൽ ചില്ലറ വില്പനയിലെ വിദേശനിക്ഷേപത്തിന് കർശനമായ പരിധി വിലക്കുണ്ട്എന്നാൽ ഈ ഓൺലൈൻ ക‌ച്ചവട സ്ഥാപനങ്ങളുടെയെല്ലാം മൂലധന നിക്ഷേപം വരുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്അത് കൊണ്ട് തന്നെ ഫ്ലിപ്പ്കാർട്ട് അടക്കമുള്ള സ്ഥാപനങ്ങൾ സർക്കാരിന്റെ നിരീക്ഷണവലയത്തിലാണ്വിദേശ നാണയ വിനിമയ ചട്ടം -ഫെമ-ലംഘിച്ചതിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം രണ്ട് വർഷമായി നടക്കുകയാണ്ഒരു പക്ഷെ ആയിരം കോടി രൂപ പിഴ ചുമത്താനുള്ള കുറ്റംകാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടെ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ കാര്യമായി തന്നെ ഓൺലൈൻ കടകൾ ഉപയോഗപ്പെടുത്തുന്നുസാങ്കേതിക അർത്ഥത്തിൽ ഈ ഓൺലൈൻ സ്ഥാപനങ്ങൾ ഒന്നും നേരിട്ട് സൈറ്റുകൾ വഴി വില്പന നടത്തുന്നില്ലനിയമം ഇവരെ വിപണിയിടം അഥവാ market place ആകാൻ അനുവദിക്കുന്നുഅതായത് ഫ്ലിപ് കാർട്ട്ആമസോൺഇ ബേ ....ഒക്കെ ഇങ്ങനെയുള്ള കേവല ഇടനില സ്ഥാപനം മാത്രമാണ്മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിൻപുറത്തെ ചന്ത പോലെ.വിൽക്കാനുള്ളവർക്കും വാങ്ങാനുള്ളവർക്കും ഇടയിലെ മധ്യവർത്തി സ്ഥാപനംഅങ്ങനെ ഇവർ ഒരു ചരക്കിന്റെയും ഉടമയോവാഹകരൊവില്പനക്കാരോ എന്തിനധികം പറയുന്നു ആ ഉത്പന്നങ്ങളുടെ വിതരണക്കാർ പോലും അല്ലവാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വേണ്ട സാങ്കേതിക സൗകര്യംവിവരപഗ്രഥനംപട്ടികപ്പെടുത്തൽവിവരങ്ങൾ ഉചിതമായ തരത്തിൽ ഓൺലൈൻ വില്പന വെബ്സൈറ്റുകൾ വഴി പരസ്യപ്പെടുത്തൽ എന്നിങ്ങനെയുള്ള വ്യാപാര ബാഹ്യ കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്ഇതിനാകട്ടെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയവുമാണ്.

വിലക്കുറവിന്റെ പിന്നിലെന്ത് ?
മാർക്കറ്റ് പ്ലേസ് മാത്രമായ ഇവിടെ വില്പനയ്‌ക്കെത്തുന്നവരാണ് വിലക്കുറച്ച് കൊടുക്കുന്നത്ഇന്റർനെറ്റ് ഇതര വിപണിയുമായും മറ്റ് ഇ-കോം‌ സംരംഭങ്ങളുമായും പരസ്പരം മത്സരിച്ച് വിലക്കുറയ്‌ക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. Predatory pricing എ‌ന്ന് വിളിക്കപ്പെടുന്ന സംവിധാനംസാധാരണ ചില്ലറ വില്പന ശാലകളിൽ പലതട്ടുകൾ കൈമാറിയാണ് ഉത്പന്നം കടകളിൽ എത്തുന്നത്ഒരോ തട്ടിൽ നിന്നും മാറുമ്പോഴും ലാഭം/കമ്മീഷൻ സ്വഭാവികമായും കൂട്ടിച്ചേർക്കപ്പെടും മാത്രമല്ല ഓൺലൈൻ കടകൾക്ക് നഗരത്തിലെ തിരക്കേറിയ വീഥിക്കരികിൽ മുന്തിയ വാടക കൊടുത്ത്മോടി പിടിപ്പിച്ച അകത്തളങ്ങളുടെ ആവശ്യവുമില്ലപലതരത്തിലും ഉത്പങ്ങളുടെ മേൽ വിലക്കുറയ്‌ക്കാനാകുന്നുസാധാരണ കടക്കാരനാകട്ടെ എ‌ത്ര കിണഞ്ഞ് ശ്രമിച്ചാലും ഈ താഴ്‌ന്ന തുകയിൽ വില്പനയെപറ്റി ചിന്തിക്കാനേ ആകില്ല.
രസകരമായ മറ്റൊരു വശം കൂടിയുണ്ട് ഈ വിലക്കുറവിന് പിന്നിൽഉദാഹരണത്തിന് ഫ്ലിപ്‌കാർട്ടിലെ ഭൂരിഭാഗ വില്പനയും നടത്തുന്നത് WS Retail എ‌ന്ന കമ്പനിയാണ്ഈ കമ്പനിക്ക് നേരിട്ടോ അല്ലാതെയോ മാതൃസ്ഥാപനവുമായി ബന്ധമുള്ള ഉപസ്ഥാപനമാണന്നത് അങ്ങാടി പാട്ട്ഇങ്ങനെയൊരു ആഭ്യന്തര ഘടനയിലാണ് കാര്യമായ തോതിൽ എഫ്‌ഡിഐ പണം വരുന്നത്ഈ പണം ഉപയോഗിച്ച് വിലയിളവ് നൽകുന്നു എന്നും അനുമാനിക്കാംകാരണം ഒരോ വർഷവും കമ്പനി നഷ്ടത്തിലാണ്ഈ നഷ്ടം സഹിച്ചും എന്തിന് ഇങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ചോദ്യത്തിന്റെ ഉത്തരം വന്ന് നിൽക്കുന്നത് ഒരു പക്ഷെ വരാനിരിക്കുന്ന ഓഹരി വിപണി ലിസ്റ്റിങ്ങും -IPO- അപ്പോഴത്തെ മതിപ്പ് മൂല്യവുമായിരിക്കാം.

പലതരത്തിൽ ഒളിഞ്ഞും തെളിഞ്ഞും വിലകുറച്ച് ചില ഉത്പന്നങ്ങൾക്ക് എൺപത് ശതമാനം വരെ വിലയിളവിൽ കാര്യങ്ങൾ എത്തിച്ച് അത് പരസ്യം ചെയ്‌ത് മാലോകരെ അറിയിച്ചാൽ വെബ്‌സൈറ്റ് ട്രാഫിക്ക് മുഖേന ക്രാഷ് ആയില്ലങ്കിൽ അല്ലെ അത്ഭുതപ്പെടാനുള്ളൂഇങ്ങനെ വിലക്കുറവ് നൽകുമ്പോൾ വിൽക്കാൻ വച്ചിരിക്കുന്ന കമ്പനികൾക്ക് ഒരു പക്ഷെ അവർ കൊണ്ട് വന്ന ഉത്പന്ന തുകയെക്കാൾ കുറച്ച് കൊടുക്കാൻ ഈ മാർക്കറ്റ് പ്ലേസ് അനുവദിക്കുംതന്മൂലമുണ്ടാകുന്ന നഷ്ടം മാർക്കറ്റ് പ്ലേസ് അവരുടെ പക്കലുള്ള വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപത്തിൽ നിന്ന് അനുവദിച്ച് നൽകുംവിറ്റവിലയ്‌ക്ക് മാത്രമാണ് നികുതിഎന്നതിനാൽ ഇവിടെ സർക്കാരിന്റെ ആശങ്ക വർദ്ധിക്കുന്നുണ്ട്വിലക്കുറവിന്റെ നഷ്ടം നികത്താനുള്ള തുക തിരികെ ഉത്പാദകന് നൽകുന്നതിൽ സേവനനികുതിയാകും ബാധകമാകുകഏതായാലും സങ്കീർണമായ നിർദ്ധാരണം ആവശ്യമായ ഘട്ടംഇന്റർനെറ്റ് പൂർവകാലഘട്ടത്തിൽ എഴുതപ്പെട്ട നിയമങ്ങളും തുടർന്നെത്തിയ ചട്ടങ്ങൾക്കും ഡിജിറ്റൽ വ്യാപാരത്തെ കൈകാര്യം ചെയ്യാൻ കാര്യമായ വിയർപ്പൊഴുക്കേണ്ടി വരുംകാരണം നിലവിലുള്ള നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു പക്ഷെ ഈ ഓൺലൈൻ വില്പനശാലകളുടെ വാദം ശരിയെന്ന് സമ്മതിക്കേണ്ടി വരുംകോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇ‌ന്ത്യ,വരാനിരിക്കുന്ന ചരക്ക് സേവന നികുതി എന്നിവയാണ് ഓൺലൈൻ ചില്ലറവില്പനയൂടെ ഭാവി എഴുതുകഏതായാലും ഇതിനെ കൂടുതൽ വളരാനാനുവദിക്കുന്ന എന്നാൽ സർക്കാർ നിയന്ത്രണം സാധ്യമാകുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് വിപണിവൃത്തങ്ങൾ നിരീക്ഷിച്ചാൽ ബോധ്യമാകും.


-കൊമേഴ്‌സിൽ നിന്ന് എം-കൊമേഴ്‌സിലേക്ക്
മുൻനിര ഇ-കടക്കാരുടെ പ്രതിക്ഷ പ്രകാരം 90 ശതമാനം വില്പനയും ഇനിയുള്ള വർഷങ്ങളിൽ വരുന്നത് മൊബൈൽ ഉപകരണങ്ങളിൽ നിന്നാകുമെന്നാണ്മൊബൈൽ ഫോണിലെ ആപ്ലിക്കേഷനുകൾ വഴി സാധനങ്ങൾ വാങ്ങുന്നത് അത്രമേൽ ലളിതമാകുന്ന തരത്തിൽ പിന്നണി സാങ്കേതികതയും മാറുന്നുണ്ട്ഇ‌പ്പോൾ തന്നെ ചില ഓൺലൈൻ സ്റ്റോറുകളീൽ 50 ശതമാനത്തോളം വില്പന മൊബൈൽ ഫോണിലെ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചാണ് നടപ്പാകുന്നത്ഒരു പക്ഷെ ഇനി ആദ്യമായി ഇന്റർനെറ്റിലേക്കെത്തുന്നവർ നേരിട്ട് മൊബൈലിൽ ആകും ആദ്യം ഉപയോഗിച്ച് തുടങ്ങുകനാട്ടിലെ ഇന്റർനെറ്റ് കഫെകൾ ഇന്ന് പ്രസക്‌തമല്ലാതായി തീർന്നത് ഓർക്കുകസ്‌മാർട്ട് ഫോണിൽ വഴി മാത്രം പോയ വർഷത്തിനു മുന്നെ 7,800 കോടി രൂപയുടെ പണവിനിമയം നടന്നത് മാർച്ച് 2014 ൽ 36,000 കോടി യിലെത്തി എന്ന കണക്കും ഇവിടെ ചേർത്ത് വായിക്കാംഈ സൂചിപ്പിച്ച കണക്കിൽ നടന്ന ഇടപാടുകളുടെ എണ്ണം ഇരട്ടി ആയപ്പോൾ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ മൂല്യം പലമടങ്ങ് വർദ്ധിച്ചു എന്നത് വിരൽ ചൂണ്ടുന്നത് സ്‌മാർട്ട് ഫോൺ വഴി വലിയമൂല്യ ഇടപാടുകൾ നടത്താനുള്ള പക്വത ആർജിച്ചുകഴിഞ്ഞു ,ഭയവും മാറി എന്നു കൂടിയാണ്.

മൊത്തമുള്ള മൊബൈൽ ഫോണിൽ ശതമാനം മാത്രമാണ് സ്‌മാർട്ട് ഫോൺ എന്നാൽ 2017 ആകുമ്പോഴേക്കും ഈ എ‌ണ്ണം 17 ശതമാനത്തിലേക്കെത്തും എന്ന് വിശ്വസനീയ സ്ഥിതിവിവര അനുമാനങ്ങൾ ഉണ്ട്ഇക്കഴിഞ്ഞ വർഷം വരെ മിക്ക കമ്പനികളും മൊബൈൽ ഫോണിനെ വിവരവിനിമയ ചാനൽ മാത്രമായി കണ്ടെങ്കിൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല എല്ലാ കമ്പനികളും എന്തിനധികം സർക്കാറുകൾ വരെ ആപ്പിൾ/ആൻ‌ഡ്രോയ്‌ഡ്/ബ്ലാക്ക്‌ബെറി/വിൻഡോസ് പ്ലാറ്റ്ഫോമുകളിലായി വിവിധോദ്ദേശ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന തത്രപ്പാടിലാണ്പല സർക്കാരുകളും ഇ-ഗവണൻസിനെ എം-ഗവണൻസായി പരിവർത്തനം ചെയ്യാനും തയാറായിക്കഴിഞ്ഞു.

ആമസോൺ ഇന്ത്യ അവരുടെ മൊബൈൽ ആപ്ലിക്കേഷൻ രൂപസംവിധാനം ചെയ്‌ത് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മൊത്തം ഇന്റർനെറ്റ് ട്രാഫിക്കിന്റെ പകുതി ഇത് വഴി ആയിക്കഴിഞ്ഞിട്ടുണ്ട്ഇതിന് ചാലകശക്തിയായി എല്ലാ ബാങ്കുകൾക്കും ഇന്ന് മൊബൈൽ ബാങ്കിംഗ് സൗകര്യവും സുസജ്ജം. 22 കോടി സാമ്പത്തിക ഇടപാടുകൾ 2013-14 ൽ ഇന്ത്യയിൽ എല്ലാ ബാങ്കുകളിലായി നടന്നു എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾഒക്കെ ചേർത്ത് വായിച്ചാൽ ഇ-കൊമേഴ്‌സ് വളരെയെളുപ്പത്തിൽ തന്നെ എം-കൊമേഴ്‌സിന് വഴിമാറിക്കഴിഞ്ഞു. USSD (Unstructured Supplimentary Service Data) ഉപയോഗിച്ച് വളരെയെളുപ്പം കടലാസ് കറൻസി ഇതര പണവിനിമയം നടത്താനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്അതായത് എസ് എം എസ് മാത്രമുള്ള ഫോണിൽ പോലും ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുംനിലവിൽ 90കോടിയിലേറെ സിം കാർഡുകൾ രാജ്യത്തുടനീളം വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്നുഅതെല്ലാം ഇനി മൊബൈൽ പേയ്‌മെന്റിന് ഉപയോഗിക്കാം എ‌ന്ന് ചുരുക്കം.

മൊബൈൽ സാങ്കേതികതയുടെ വളർച്ചയും ടെലകോം സേവനം 3ജി യിൽ നിന്ന് 4ജി യിലേക്ക് മാറാനുള്ള ഒരുക്കവും ഈ മാറ്റത്തിന് രാസത്വരകമായി പ്രവർത്തിക്കുംഒരു ഇന്ത്യാക്കാരന്റെ ഫോണിൽ ശരാശരി 17 ആപ്ലിക്കേഷൻ ഉള്ളപ്പോൾ യൂറോപ്പിൽ33, ജപ്പാനിൽ 41 എന്നിങ്ങനെയാണ്-സേവനങ്ങൾ  എം-സേവനങ്ങളായി പരകായപ്രവേശം നടത്തുന്നതിന്റെ വലിയ സാധ്യതയാണ് വരാനുള്ളതെന്ന് ഇത് സൂചിപ്പിക്കുന്നുമൊബൈൽ ഫോൺ ഇങ്ങനെയൊക്കെ ആയി മാറുമെന്ന് പത്ത് വർഷത്തിന് മുന്നെ അങ്ങനെ മിക്കവരും കണക്കുകൂട്ടിയതുമില്ലഎന്നാൽ സ്‌മാർട്ട് ഫോണിന്റെ കടന്ന് വരവ് ഡിജിറ്റൽ എക്കണോമിയെ ആകെ മാറ്റിമറിക്കുന്ന കാഴ്‌ചയ്‌ക്കാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്.നിയർ ഫീൽഡ് കമ്യൂണിക്കേഷൻ എന്ന പുതിയ കൂട്ടിചേർക്കൽ മൊബൈൽ ഫോണിന്റെ പണക്കൈമാറ്റ സംവിധാനത്തിന് എളുപ്പവും സുരക്ഷയും നൽകുന്നു എന്നത് ഒക്കെ വരാനിരിക്കുന്ന വർധിച്ച തോതിലുള്ള വിനിമയങ്ങൾക്ക് കരുത്തുപകരാനുള്ള ഏർപ്പാടുകൾമൂന്ന് വർഷം മുന്നെ കേവലം ശതമാനം മാത്രമായിരുന്നു മൊബൈൽ വഴിയുള്ള ഇടപാടുകൾഎന്നാൽ 2017 ൽ 70 മുതൽ 80 ശതമാനം വരെ വർധിക്കുമെന്ന് ഗൂഗിൾ ഇന്ത്യയുടെ അനുമാനം.

ഓൺലൈൻ മാത്രം വില്പന ഫലിക്കുമോ ?
പുനരവതരിച്ച മോട്ടോറോള മൊബൈൽ ഫോൺ വിറ്റത് ഓൺലൈനായി മാത്രമായിരുന്നുരാജ്യം മുഴുവൻ വില്പന ശൃംഖല ഉഷാറാക്കി വില്പനയ്‌ക്ക് തയാറെടുത്തുവെങ്കിൽ അത് പണ്ടേ പോലെ ഫലിക്കുമായിരുന്നോ എ‌ന്ന സന്ദേഹം നിശ്ചയമായും അവരെ അലട്ടിയിരിക്കണംമൂന്ന് മോഡലുകൾ പലസമയത്തായി കാര്യമായ പരസ്യപിന്തുണയോടെ തന്നെ ഓൺലൈനിൽ മാത്രം വില്പനയ്‌ക്ക് വച്ചുസംഗതി കുറിക്ക് കൊണ്ടുമൊബൈൽ ഫോൺ വിപണിയിൽ ഹിറ്റായിമൂന്നോ നാലോ തട്ട് വില്പന/വിതരണക്കാരെ കുറയ്‌ക്കാനായതിനാൽ ഫോൺ ഒന്നുക്ക് ഏകദേശം 3000 - 5000 രൂപ വരെ കുറച്ച് വിലയിടാനുമായി എന്നതും ഇതിനൊപ്പം വായിക്കാം.എന്തിനധികം പറയുന്നുസാധാരണ കടകൾ വഴി വിൽക്കാത്ത ഫോൺ ആയിട്ട് കൂടി അതൊന്നുമറിയാതെ ചിലരെങ്കിലും മൊട്ടോറോളാ ഫോൺ അന്വേഷിച്ച് മൊബൈൽ ഷോപ്പിൽ ചെല്ലുന്നുണ്ട്.

ഇതിനെ തുടർന്ന് ഇന്ന് ഫോൺ നിർമാതാക്കൾ മാത്രമല്ല പല ഉപഭോക്തൃ ഉത്പ‌ന്ന നിർമാതാക്കളും നെറ്റ് വഴിമാത്രം ഉള്ള വില്പന ലക്ഷ്യമിടുന്നുപരമാവധി വിലകുറയ്‌ക്കാനാകുന്നു എന്നതിനാൽ വാങ്ങാനുള്ളവർ ക്യൂവിൽ ഉണ്ടാകും എന്ന് ഉറപ്പ് നൽകാൻ പറ്റും എന്ന നിലയിൽ ഓൺലൈൻ വില്പനശാലകൾ പരിപക്വത നേടിക്കഴിഞ്ഞുനെറ്റിസൺ(ഇന്റർനെറ്റിലെ സിറ്റിസൺമാരുടെ എണ്ണത്തിലെ വളർച്ചാനിരക്കും കമ്പനികളെ ഇങ്ങനെയൊരു സമാന്തര ഉത്പന്ന നിരയിലേക്ക് ആകർഷിക്കുന്നുണ്ട്.

ഐ ആർ സി ടി സി സർക്കാരിന്റെ ആമസോൺ !
റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സർക്കാർ ഉടമസ്ഥതയിലുള്ള IRCTC പോർട്ടൽ ഇന്ന് ഇന്ത്യയിലെ ഏത് ഓൺലൈൻ വ്യാപാര സൈറ്റിനോടും പലതരത്തിൽ കിടപിടിക്കുന്നതാണ് എന്നത് രസകരമായ കാര്യംപഴയ ഒച്ചിഴയുന്ന വേഗത്തിൽ നിന്ന് കാര്യമായി നിലവാരം കൂടിയിട്ടുണ്ട് ശേഷിയുടെ കാര്യത്തിലും രൂപകല്പനയുടെ കാര്യത്തിലുംhttp://irctc.co.in ൽ 2.70 കോടി സജീവ ഉപയോക്താക്കൾ വഴി ദിനേന ലക്ഷം ടിക്കറ്റ് ബുക്കിങ്ങ് നടക്കുന്നുഭക്ഷണവ്യാപാരമാണ് ഈ കോർപ്പറേഷന്റെ മുഖ്യ ജോലി എങ്കിലും ടിക്കറ്റ് ഇ-ബുക്കിംഗ് നല്ല വരുമാന സ്രോതസ് തന്നെവിപണി പണ്ഡിതർ ഈ സ്ഥാപനത്തിനിടുന്ന മൂല്യം 12,000 കോടി രൂപ വരെയാണ്ഇത്രയധികം ആൾക്കാർ ദിനം തോറും വന്ന് പോകുന്ന ഈ ഓൺലൈൻ കട വഴി എന്ത് കൊണ്ട് സർക്കാരിന്റെ തന്നെ ഉത്പന്നങ്ങൾ വിറ്റഴിച്ചുകൂടാഇന്റർനെറ്റ് യുഗത്തിൽ ഗൂഗിൾ മുതൽ തട്ടുകട ഡോട്ട് കോം വരെ മത്സരിക്കുന്നത് പരമാവധി ആളുകൾ വന്ന് കയറുന്ന സൈറ്റുകൾക്കാണ്ഇതിനോടകം തന്നെ ഹിറ്റായ ഈ സൈറ്റ് വഴി ഹാൻടെക്സ് തുണിത്തരങ്ങൾ മുതൽ കേരള സർക്കാരിന്റെ സോപ്പായ വേപ്പ് വരെ വിൽക്കട്ടെഅതിനുള്ള സാഹചര്യം ഉണ്ടാക്കിയാൽ വിപണി കണ്ടെത്താൻ തത്രപ്പെടുന്ന സർക്കാർ കമ്പനികളുടെ നല്ലയുത്പന്നങ്ങളെ തേടി സാധാരണക്കാരനായ ഉപയോക്താവിന് നാട്ടിലലയേണ്ട ആവശ്യമില്ലല്ലോഐ ആർ സി ടി സി ഒരു നല്ല പൊതുമേഖലാ സാധ്യതയാണ്അതൊക്കെ കരുത്താർജ്ജിപ്പിക്കുന്നത് ഈ ഓൺലൈൻ ചില്ലറ വില്പനശാലകൾക്ക് ഒരു സർക്കാർ വക ബദൽ സൃഷ്ടിക്കുക കൂടിയാണ്.

കേവലം വില്പന മാത്രമാണോ
ഓൺലൈൻ ക‌ച്ചവട സ്ഥാപനങ്ങളെ പരമ്പരാഗത കച്ചവടങ്ങളുമായി അങ്ങനെയങ്ങ് താരതമ്യം ചെയ്‌ത് തീർപ്പാക്കാനാകുമോസാധാരണ കടയിൽ ഒരു പക്ഷെ ഇതേ വിലയ്‌ക്ക് തന്നെ വിറ്റാൽ പോലും ഉപയോക്താക്കളുടെ മനസോ അല്ലെങ്കിൽ വാങ്ങൽ രീതിയോ അറിഞ്ഞിടപെടാൻ പറ്റണമെന്നില്ലകാരണം മറ്റൊന്നുമല്ല വിവരങ്ങൾ കാര്യമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെഓൺലൈൻ പോർട്ടലുകളിൽ വിവര വിശകലനം -ഡാറ്റാ അനാലിസിസ്എ‌ന്നത് വളരെ തന്ത്രപരമായി നടക്കുംകഴിഞ്ഞ വർഷങ്ങളിൽ ഇതേ കാറ്റഗറിയിൽ എതൊക്കെ ഉത്പ്പനത്തിന്എങ്ങനെയൊക്കെ ഉള്ളവരിൽ നിന്ന്ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്ന് ഓഡർ വന്നുഅത് വ‌ച്ച് ഡിസ്‌കൗണ്ട് എത്ര,ഏതൊക്കെ ഇനത്തിന് കൊടുക്കാംഒന്നെടുത്താൽ ഒന്ന് സൗജന്യം പദ്ധതിയിൽ ഏതൊക്കെ ഉത്പന്നങ്ങൾ തമ്മിൽ കൂട്ടിക്കെട്ടാം അങ്ങനെ പലവിധ വിവരസങ്കലനം നിമിഷാർദ്ധം കൊണ്ട് സാധ്യമാകുന്നുഇതനുസരിച്ച് വരാനിരിക്കുന്ന വില്പനയുടെ സ്വഭാവം വരച്ചെടുക്കുകയും അഥവാ സിമുലേറ്റ് ചെയ്യുകയും ആകാംഡിമാൻഡ് പാറ്റേൺ പ്രതീക്ഷിക്കുന്ന ട്രാഫിക്ഡിമാന്റ് അനുസരിച്ച് പ്രതികരിക്കുന്ന ഡൈനാമിക് പ്രൈസിംഗ് ഒക്കെ സാധ്യതകൾ.

ഇതിന്റെ ഒക്കെ ആണിക്കല്ല് ഡിജിറ്റലായി നാം തന്നെ നൽകുന്ന വിവരങ്ങളുംഅത് വച്ചുള്ള അഭ്യാസം നടത്താൻ എന്തെളുപ്പംഈ വിവരവിശലകനത്തിന്റെ കൃത്യത ചെന്ന് തൊടുന്നത് ഉപയോക്താവിനെ പറ്റിയുള്ള വിവരത്തിലും അവർ വാങ്ങുന്ന സാധനങ്ങളുടെ കാര്യത്തിലും ആണ്ഇതനുസരിച്ച് ട്രാഫിക് മാനേജ്മെന്റ് നടത്താം.സാധാരണകടകളിൽ വരുന്ന കാല്പാടുകളെ അവർ ബിസിനസ് ആക്കി മാറ്റാൻ പല തന്ത്രങ്ങളും പയറ്റുന്നത് പൊലെഓൺലൈൻ ട്രാഫിക്കിനെ വില്പനയിലേക്ക് പരിവർത്തനം ചെയ്യാൻ ഈ വിവര വിശകലനം സങ്കീർണമായ അൽഗരിത സാധ്യതകൾ തേടുന്നുഅതനുസരിച്ച് വിലയിളവും ഓഫറുകളും ലോഗിൻ ചെയ്യുന്ന ഉപയോക്താവിനും സ്ഥലത്തിനുമനസിരിച്ചിക്കെ ഭാവിയിൽ വ്യത്യാസപ്പെടാം.

സാങ്കേതികവിദ്യ എവിടെ വരെ 
ഓൺലൈൻ ചില്ലറ വില്പനക്കടകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എല്ലാ നാട്ടിലേക്കും ഗ്രാമഗ്രാമാന്തരങ്ങളിലേക്കും ചെന്നെത്താൻ സാധ്യമായ തരത്തിലെ വിതരണ സംവിധാനം ഇല്ല എന്നതാണ്ഇവിടെയാണ് നവസാങ്കേതികതയുടെ പുതുസാധ്യതകൾ തേടുന്നത്ആളില്ലാ ചെറുവിമാനങ്ങൾ (Unmanned Areal Vehicles - UAVs) വഴി നേരിട്ട് സാധനങ്ങൾ വീട്ട് പടിക്കൽ എത്തിക്കുന്ന അഥവാ എയർ ഡ്രോപ്പ് ചെയ്യുന്ന ഡ്രോണുകൾ വ്യാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒരു പക്ഷെ വ്യാപകമായേക്കാംഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതിന്റെ സാധ്യതകൾ പഠിച്ചുകൊണ്ടിരിക്കുകയാണ്അടുത്ത രണ്ട് മാസത്തിനിടെ കരട് റഗുലേഷൻ രേഖകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.അ‌ഞ്ച് കിലോഗ്രാം ഭാരം വരുന്ന സാധന പാക്കറ്റുകൾ മുഖ്യവിതരണ കേന്ദ്രത്തിൽ നിന്ന് നേരെ യന്ത്രപ്പറവ പോലത്തെ ഈ ഉപായം വഴി നേരെ വീട്ടിലെക്കെത്തുന്നത് വിപണിയെ ചടുലമാക്കുംവാണിജ്യാവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുമ്പോൾ സുരക്ഷസ്വകാര്യത ഒക്കെ നോക്കി മാത്രം അനുമതി ലഭിക്കേണ്ടതിനാലാണിത്.

വിപണിയുടെ ജനാധിപത്യവൽക്കരണം
എന്തൊക്കെ എതിർപ്പ് പറഞ്ഞാൽ പോലും ഇന്ന് വൻനഗരങ്ങളിലെ മാളുകളിലോ അതാത് കമ്പനികളുടെ എക്‌സ്‌ക്ലൂസീവ് വില്പനശാലകളിലോ പോയി വാങ്ങേണ്ടി വന്നിരുന്ന സാധനങ്ങൾ ഇന്റർനെറ്റ് ബന്ധമുള്ള ചെറുപട്ടണങ്ങളിലിരുന്ന് വാങ്ങാംഉത്പന്നത്തെ പറ്റി കടക്കാരൻ വിവരിക്കുന്നത് അല്ലെങ്കിൽ കമ്പനിയുടെ ബഹുവർണ ലഘുലേഖ പറയുന്നത് മാത്രം അപ്പടി വിശ്വസിച്ച് വാങ്ങാനുള്ള ഒറ്റ തുരുത്തിലുമല്ല ഉപഭോക്താവ്സാധനം വാങ്ങി ഉപയോഗിച്ച ശേഷം ഒരോരുത്തരും സ്വതന്ത്രമായി എഴുതുന്ന റിവ്യൂ ഒക്കെ ഇപ്പോൾ വൻകിട ബ്രാൻഡുകളുടെ അടക്കം ഉറക്കം കെടുത്തിയതിന്റെ സൂചനയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെ വരുന്ന അഭിപ്രായങ്ങളോട് കമ്പനികൾ മെച്ചപ്പെട്ട സൗഹാർദ്ദത്തോടെ പ്രതികരിക്കുന്നത്.

ഇതൊക്കെ ഉപയോക്താവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായി വ്യാഖ്യാനിക്കാമെങ്കിൽ നമ്മൾ അത്രയ്‌ക്ക് ശൃദ്ധിക്കാതെ പോകുന്ന മറ്റൊരു കൂട്ടർ ഉണ്ട്ചെറുകിട ഉത്പാദകർകുടുംബശ്രീ അടക്കമുള്ള കൂട്ടായ്‌മകൾ അവർക്കൊക്കെ ഈ മാർക്കറ്റ് പ്ലേസിൽ തങ്ങളുടെ ഉത്പന്നം വില്പനയ്‌ക്ക് വയ്‌ക്കാംതീരെ ശേഷി കുറഞ്ഞ സാഹചര്യത്തിലെ ഉത്പാദനശാല ആണെങ്കിൽ പോലും ഗുണനിലവാരവും മെച്ചപ്പെട്ട വില്പനാനന്തര സേവനവും കൈമുതലായി ഉണ്ടെങ്കിൽ നിങ്ങൾക്കും കാര്യമായ അവസരങ്ങൾ ഈ മാറിയ സാഹചര്യത്തിൽ ഉ‌ണ്ട്.ഇതൊനോടകം തന്നെ ഇന്ത്യയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർ ഓൺലൈൻ വില്പനശാലകളുടെ മാർക്കറ്റ് പ്ലേസിനെ കാര്യമായി വരിച്ച് കഴിഞ്ഞുമുൻപ് അവർക്ക് എത്താവുന്ന വിപണിക്ക് ഭൗതികമായ ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നുഎന്നാൽ ഇന്ത്യ ഉടനീളം ഒരു വിപണിയായി മലർക്കെ തുറന്ന് കിട്ടുകയാണ്അതെ ചെറിയ കാര്യവുമല്ല,ഇന്റർനെറ്റ് പൂർവ കാലഘട്ടത്തിൽ ചിന്തിക്കാൻ പറ്റാതിരുന്ന വിപുലമായ ഇടംഅതും തീരെ കുറഞ്ഞ ചിലവിൽ കാര്യമായ പരസ്യകോലാഹലങ്ങളില്ലാതെ തന്നെ.

സ്‌നാപ്ഡീൽ എന്ന ഓൺലൈൻ വില്പനശാലയുടെ കണക്ക് പ്രകാരംവില്പനയ്‌ക്ക് എത്തിയ സ്ഥാപനങ്ങളിൽ 30 ശതമാനം വനിതാ സംരംഭകരുടേതാണ്അവരിൽ മിക്കവരും ആദ്യതവണ ബിസിനസിലേക്ക് എത്തിയവരുംചൈനയിൽ നിന്ന് ഉള്ള വർത്തമാനവും കൂടി സൂചിപ്പിച്ചവസാനിപ്പിക്കാം സർക്കാർ ഉടമസ്ഥതയിലുള്ള ചൈനാ പോസ്റ്റിന്റെ ഏറ്റവും വലിയ കസ്റ്റമർ ഇന്ന് അവിടുത്തെ ഫ്ലിപ്പ്കാർട്ടായ അലിബാബ ഡോട്ട് കോം ആണ്ഇന്ത്യാപോസ്റ്റിലും ഇതേ പോലെ ഒരു വാർത്ത ഉടനെ കേൾക്കാൻ സാധ്യതയുണ്ടങ്കിൽ അത് വലിയ അവസരമാണ് സാധാരണക്കാരായ ഉപയോക്താക്കൾക്കും ചെറുകിട സംരംഭകർക്കും എന്തിനധികം തപാൽ വകുപ്പിനും.

ടെലകോം വിപ്ലവം താഴെ തട്ടിൽ കാര്യമായ മാറ്റം ഉണ്ടാക്കിയത് പോലെ ശരിയായ നിയന്ത്രണാധികാരിയും ഉപഭോക്തൃനിയമങ്ങൾ നെറ്റ് അധിഷ്ഠിത വ്യാപാര-വാണിജ്യവിനിമയങ്ങൾക്ക് കാലനുസൃതമായി മാറ്റിയെഴുതുകയും ചെയ്‌താൽ ഓൺലൈൻ വില്പനശാലകൾ അടുത്ത മാറ്റകാഹളമാകും എന്നതിൽ തർക്കമില്ല.

(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 നവംബർ രണ്ടാം ആഴ്ച പ്രസിദ്ധീകരിച്ചത്)

                                         *****